മുംബൈ: ഫേസ് ക്രീം ബ്രാന്‍ഡ് ആയ ഫെയര്‍ ആന്റ് ലവ്ലിക്ക് ഇനി ഇന്ത്യയില്‍ പേര് ഗ്ലോ ആന്റ് ലവ്ലി. പുരുഷന്മാരുടെ സ്കിന്‍ ക്രീം ഫെയര്‍ ആന്റ് ഹാന്റ്സം ഇനി ഗ്ലോ ആന്റ് ഹാന്റ്സം എന്നാണറിയപ്പെടുക. കമ്പനിയുടെ ഇന്ത്യന്‍ ശാഖയായ ഹിന്ദുസ്ഥാന്‍ യുനിലെവര് ആണ് ഇക്കാര്യം അറിയച്ചത്.
ഒരാഴ്ച മുമ്പാണ് ഫെയര്‍ ആന്റ് ലവ്ലി എന്ന പേര് മാറ്റുമെന്ന് കമ്പനി അറിയിച്ചത്.
വര്‍ണ വിവേചനത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കമ്പനിയുടെ തീരുമാനം. സൗന്ദര്യത്തിന്റെ വൈവിധ്യത്തെ ആഘോഷിക്കുന്നതിനും എല്ലാ നിറങ്ങളെയും ഉള്‍ക്കൊള്ളുന്നതിനും തങ്ങള്‍ പ്രതിജ്ഞാ ബന്ധരാണെന്നായിരുന്നു കമ്പനി അറിയിച്ചത്. ഫെയര്‍, വൈറ്റ്, ലൈറ്റ് എന്നീ വാക്കുകള്‍ സൗന്ദര്യത്തെക്കുറിച്ചുള്ള ഏകനിര്വചനമാണെന്ന് തങ്ങള്‍ മനസ്സിലാക്കുന്നതായും കമ്പനി വ്യക്തമാക്കിയിരുന്നു.
ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തിന് ശേഷം അമേരിക്കയില്‍ ആളിപടര്‍ന്ന ബ്ലാക്ക് ലൈഫ്സ് മാറ്റേഴ്സ് എന്ന പ്രൊട്ടസ്റ്റിന് പിന്നാലെ പ്രമുഖ ബ്രാന്‍ഡുകളായ ലോറിയല്, അഡിഡാസ്, നൈക്ക് എന്നിവ വര്‍ണ, വര്‍ഗ വിവേചനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറും ഫെയര്‍ ആന്‍ഡ് ലൗവ്ലി റീബ്രാന്‍ഡിങ്ങിന് ഒരുങ്ങുകയാണ് എന്ന് വ്യക്തമാക്കിയത്. നേരത്തെ ജോണ്സണ് ആന്‍ഡ് ജോണ്‍സണും ഇക്കാര്യം വ്യക്തമാക്കിയിരുന്നു