കോവിഡ് നിര്‍വ്യാപന ബോധവത്കരണം , കാസര്‍കോടിന്റെ ‘മാഷി’ന് മുഖ്യമന്ത്രിയുടെ പ്രശംസ
കാസർകോട് : കോവിഡ് 19 സമ്പര്‍ക്കത്തിലൂടെ വ്യാപിക്കാതിരിക്കാന്‍ അധ്യാപകരുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തുന്ന കാസര്‍കോട് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ‘മാഷ് പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനമറിയിച്ചു. കാസര്‍കോട് മാതൃകയില്‍ മറ്റ് ജില്ലകളിലേക്കും മാഷ് പദ്ധതി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെവി പുഷ്പയുടെ മേല്‍നോട്ടത്തിലാണ് അധ്യാപകര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും അധ്യാപകരുടെ സാന്നിധ്യം ഉറപ്പാക്കി രോഗവ്യാപനം തടയുകയാണ് മാഷിന്റെ ലക്ഷ്യം.
കൈകള്‍ ശുചിയാക്കുക, മാസ്ക് ധരിക്കുക , ശാരീരിക അകലം പാലിക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ അധ്യാപകരുടെ പ്രത്യേക സംഘത്തെ വാര്‍ഡുകള്‍ തോറും നിയോഗിക്കും. അധ്യാപകര്‍ ബ്രെയ്ക്ക് ദ ചെയിന്‍ ക്യാമ്പയിന് ബോധവല്‍ക്കരണം നല്‍കും. നിയമം ലംഘിക്കുന്നവരെ ആദ്യം ഉപദേശിച്ചും അത് അനുസരിക്കാത്തവരെ ശാസിച്ചും നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിച്ചുമാണ് അധ്യാപകര്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് നിര്‍വ്യാപന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നത് .