കോവിഡ് പ്രതിരോധം ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ രാഷ്ട്രീയ-സന്നദ്ധ പ്രവർത്തകരെ കാവലാക്കി കര്‍ശന നിരീക്ഷണം വരുന്നു
കാസർകോട് : കര്‍ണാടകയില്‍ നിന്ന് ജില്ലയിലേക്ക് വരുന്നവര്‍ ആദൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ മിഞ്ചപദവ്, ഈശ്വരമംഗല തുടങ്ങിയ പ്രദേശങ്ങളിലൂടെ അനധികൃതമായി അതിര്‍ത്തി കടന്നു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പോലീസ് നീരീക്ഷണം ഏര്‍പ്പെടുത്താന്‍ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തെ സഹായിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളും, യുവജന സംഘടനകളും, സന്നദ്ധ സംഘടനകളും മറ്റും മുന്നോട്ടു വരണമെന്ന് ജില്ലാ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അഭ്യര്‍ത്ഥിച്ചു. ജില്ലയിലേക്ക് തലപ്പാടി ചെക്പോസ്റ്റ് വഴി കടന്നുവരാന്‍ മാത്രമേ നിലവില്‍ അനുവദിക്കുന്നുള്ളൂ. എന്നാല്‍ പലരും മറ്റ് അതിര്‍ത്തി റോഡുകളിലൂടെ അനധികൃതമായി കടന്നുവരുന്നുണ്ട്്. ഇത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ പൊലീസ് നിരീക്ഷണം ബലപ്പെടുത്തും.ഫോറസ്റ്റ് വകുപ്പിലെ ഓഫീസര്‍മാരെ (യൂണിഫോമ്ഡ്) ജാല്‍സൂര്‍, തലപ്പാടി, പാണത്തൂര്‍ അതിര്‍ത്തികളില്‍ പോലീസുകാര്‍ക്കൊപ്പം ഡ്യൂട്ടിക്ക് നിയോഗിക്കും.ഇതിനായി ജീവനക്കാരുടെ വിശദ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറോട് കളക്ടര്‍ നിര്‍ദേശിച്ചു. ഓരോ പോലീസ് സ്റ്റേഷനിലും ചുരുങ്ങിയത് പത്ത് പോലീസ് വോളണ്ടിയര്‍മാരെയെങ്കിലും ആവശ്യമുള്ളതിനാല്‍ കോളേജ് തലത്തിലുള്ള എന്‍ സിസി കേഡറ്റുകളെ ഇതിനായി നിയോഗിക്കുവാന്‍ യോഗം തീരുമാനിച്ചു. അതിര്‍ത്തി ചെക് പോസ്റ്റുകള്‍, ടൗണുകള്‍ എന്നിവിടങ്ങളില്‍ സേവനത്തിന് നിയോഗിക്കുന്നതിനായി 200 എന്‍ സി സി കേഡറ്റുകളുടെ (ആണ് കുട്ടികള്‍ക്ക് മുന്‍ഗണന നല്കി) പട്ടിക സമര്‍പ്പിക്കുന്നതിന് ഡി.ഡി.ഇ യെ യോഗം ചുമതലപ്പെടുത്തി..