‘ജോസ് വിഭാഗം സ്വാധീനമുള്ള രാഷ്ട്രീയകക്ഷി, മുന്നണി പ്രവേശനം ഇടതുമുന്നണി ചര്‍ച്ചചെയ്ത് തീരുമാനിക്കും’
യുഡിഎഫ് മുന്നണി വിട്ട ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച് എല്‍ഡിഎഫ് പ്രതികരിക്കുമെന്നും എ വിജയരാഘവൻ
തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്വാധീനമുളള കക്ഷിതന്നെയെന്നും ഇത് സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനിയിലെ ലേഖനത്തിലെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാണെന്നും എല്‍ഡിഎഫ് കൺവീനര്‍ എ വിജയരാഘവൻ. യുഡിഎഫ് മുന്നണി വിട്ട ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച് എല്‍ഡിഎഫ് പ്രതികരിക്കുമെന്നും എ വിജയരാഘവൻ വ്യക്തമാക്കി.
യുഡിഎഫിലെ നിലവിലെ പ്രതിസന്ധിയും നിലവിൽ കേരളത്തില്‍ രൂപപ്പെട്ട് വന്ന രാഷ്ട്രീയ കാര്യങ്ങളും വിശകലനം ചെയ്യും. എല്‍ഡിഎഫ് വിപുലീകരണത്തെക്കുറിച്ച് ഇപ്പോള്‍ പറയാൻ സാധിക്കില്ല. യുഡിഎഫ് വിട്ടവര്‍ നിലപാട് വ്യക്തമാക്കിയാല്‍ എൽഡിഎഫ് അഭിപ്രായം പറയും. തങ്ങളെ സമീപിച്ചെന്ന് ജോസ് കെ മാണി ഇതുവരെയും പറഞ്ഞിട്ടില്ലല്ലോയെന്നും എൽഡിഎഫ് കൺവീനര്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഇടതുനേതാക്കളുടെ പ്രസ്താവനയിൽ സന്തോഷമെന്ന് ജോസ് കെ.മാണി പ്രതികരിച്ചു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും . ഇടതുമുന്നണിയുമായി നിലവിൽ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
നിലവിലെ സാഹചര്യത്തിൽ യുഡിഎഫ് വിട്ട ജോസ് കെ മാണി വിഭാഗത്തെ തള്ളാത്ത നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. കേരള കോൺഗ്രസ് ബഹുജന പിന്തുണയുള്ള പാർട്ടിയാണെന്നും കേരള കോൺഗ്രസ് ജോസ് വിഭാഗമില്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകുമെന്നുമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളെ അനുകൂലിക്കുന്നതാണ് എൽഡിഎഫ് കണ്‍വീനറിന്റെയും നിലപാട്. അതേ സമയം അവശനിലയിലായവരുടെ വെന്റിേലേറ്ററല്ല ഇടതുമുന്നണിയെന്നായിരുന്നു നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. മുന്നണിപ്രവേശനത്തിൽ സിപിഐ അടക്കമുള്ളഘടകകക്ഷികളുടെ നിലപാട് നിര്‍ണായകമാകും.