ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ. കെ. മഹേശന് എഴുതിയ അവസാനത്തെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. തൂങ്ങിമരിച്ച യൂണിയന് ഓഫീസിലെ മുറിയിലെ ചുമരില്‍ ഒട്ടിച്ചിരുന്ന കുറിപ്പിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുറിപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും പരാമര്‍ശമുണ്ട്.
തന്റെ ജീവിതം വെള്ളാപ്പള്ളി നടേശനും സുഹൃത്ത് കെ.എല്‍. അശോകനും, പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയന് നേതാക്കന്മാര്ക്കും വേണ്ടി ഹോമിക്കുന്നു എന്നാണ് കുറിപ്പിലുള്ളത്. അതിനിടെ ഇന്നലെ കെ. എല്‍. അശോകനില്‍ നിന്ന് മഹേശന്റെ മരണം അന്വേഷിക്കുന്ന മാരാരിക്കുളം പോലീസ് മൊഴിയെടുത്തു.
മഹേശന് മരിക്കുന്നതിന് മുന്‍പ് സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച കത്തുകളില്‍ അശോകന്റെ പേര് പല തവണ പരാമര്‍ശിച്ചിരുന്നു. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അശോകനില്‍ നിന്ന് ലഭ്യമാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. വെള്ളാപ്പള്ളി നടേശനില്‍ നിന്നും ഉടന്‍ മൊഴിയെടുക്കുമെന്നാണ് വിവരം.
മഹേശന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളാപ്പള്ളിയേയും, അശോകനെയും അറസ്റ്റ് ചെയ്യണമെന്നാണ് മഹേശന്റെ ബന്ധുക്കള്‍ ആവശ്യപ്പടുന്നത്. വെള്ളാപ്പള്ളി കേസില്‍ കുടുങ്ങുമെന്ന് കണ്ടപ്പോള്‍ മഹേശനെ മോശക്കാരനാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പരാതിപ്പെടുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ല. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും അവര്‍ പറഞ്ഞു.