വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ലീഗിന്റെ ബന്ധം സ്വയം കുളം തോണ്ടുന്നതിന് തുല്യം ,മുസ്ലിം ലീഗ്-വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ട് മത തീവ്രവാദികള്‍ മുഖ്യധാരയിലേക്ക് വരാന്‍ വാതില്‍ തുറക്കും ,ആഞ്ഞടിച്ച് സമസ്ത മുഖപത്രം സുപ്രഭാതം
കോഴിക്കോട്: മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെ സമസ്ത കേരള ജമാ അത്തെ ഉലുമ ഇ .കെ വിഭാഗം. സംഘടനയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് രൂക്ഷ വിമര്‍ശനമുന്നയിച്ച് സമസ്താ നേതാവ് ഉമര്‍ഫൈസി മുക്കം രംഗത്തെത്തിയത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ലീഗിന്റെ ബന്ധം സ്വയം കുളം തോണ്ടുന്നതിന് തുല്യമാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.
തീവ്രവാദികള്‍ മുഖ്യധാരയിലേക്ക് വരാന്‍ വാതില്‍ തുറക്കുന്നതാണ് ഈ നിലാപടെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ‘മതമൗലികവാദ കൂട്ടുകെട്ട് സമതുലിതാവസ്ഥ തകര്ക്കു’മെന്ന തലക്കെട്ടിലാണ് എഡിറ്റ് പേജിലെ ലേഖനം.
ഭരണവും രാഷ്ട്രീയവും ലക്ഷ്യമാക്കുന്ന ഇതര വിശ്വാസ പ്രമാണങ്ങളോട് സഹിഷ്ണുത കാണിക്കാത്ത വംശീയ, വര്‍ഗീയ ആശയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന തീവ്ര രാഷ്ട്രീയ സംഘടനയാണ് ഇസ്ലാമെന്ന് വരുത്തി തീര്‍ക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
‘ജമാഅത്തെ ഇസ്ലാമി അന്തര്‍ ദേശീയ മാനമുള്ള മത- രാഷ്ട്രീയ സംഘടനയാണ്. ഇസ്ലാമിന്റെ മൗലിക ലക്ഷ്യം ഭരണമാണ് എന്ന് വ്യാജമായി പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍…അടിസ്ഥാന തത്വശാസ്ത്ര ദുര്‍വ്യാഖ്യാനം ചെയ്ത് മതമൗലിക രാഷ്ട്രവാദം ഉയര്‍ത്തിക്കൊണ്ടു വന്നു വിശുദ്ധ ഇസ്ലാമിന്റെ സൗന്ദര്യം നഷ്ടപ്പെടുത്താന്‍ ശ്രമിക്കുകയാണ്,’ ലേഖനത്തില്‍ പറയുന്നു.
മധ്യ പൗരസ്ത നാടുകളില്‍ ഉയര്‍ന്നു വരുന്ന രാഷ്ട്രീയ അസ്ഥിരതയും തീവ്രവാദ ഗ്രൂപ്പുകളും ഇത്തരം രാഷ്ട്രീയ ഗ്രൂപ്പുകളുടെ സംഭാവനയാണെന്നും ലേഖനത്തില്‍ പറയുന്നു.
ജമാ അത്തെ ഇസ്ലാമി നിയന്ത്രണത്തിലുള്ള രാഷ്ട്രീയ കക്ഷിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പങ്കാളിത്തം ഉണ്ടാക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണം പരിഗണനയിലുണ്ടെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞിരുന്നു.
അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നത് ശരിയല്ലെന്ന് യൂത്ത് ലീഗ് വ്യക്തമാക്കിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ഒരു വര്‍ഗീയ പാര്‍ട്ടി ആണെന്നാണ് യൂത്ത് ലീഗ് പറഞ്ഞിരുന്നത്.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുമെന്ന് നേരത്തെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നെങ്കിലും മുസ്ലിം ലീഗ് നേതൃത്വം അത് എതിര്‍ക്കുകയായിരുന്നു. എന്നാല്‍ വീണ്ടും പരസ്യമായി വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ലീഗ്.