ന്യൂഡൽഹി: രാജ്യം അൺലോക്ക് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിന് എതിരായ പോരാട്ടത്തിലാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യം ഭേദപ്പെട്ട നിലയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗൺ ലക്ഷങ്ങളുടെ ജീവൻ രക്ഷിച്ചു. മഴക്കാലത്ത് മറ്റ് രോഗങ്ങളെക്കുറിച്ചും ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.ലോക്ക്ഡൗൺ ഉചിതമായ സമത്താണ് പ്രഖ്യാപിച്ചത്. ജനങ്ങൾ ജാഗ്രത കുറവ് കാട്ടരുത്. സമയബന്ധിതമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് രാജ്യത്തിന് സുരക്ഷയേകി. അൺലോക്ക് തുടങ്ങിയപ്പോൾ ജനങ്ങൾ ജാഗ്രത കുറവ് കാട്ടി. ജനം നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതീവ തീവ്ര മേഖലയിൽ കൂടുതൽ ശ്രദ്ധ വേണം. കൊവിഡിന്റെ മരണനിരക്ക് ഉയർന്നിട്ടില്ല. ചട്ടങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. ഗ്രാമത്തലവൻ മുതൽ പ്രധാനമന്ത്രി വരെയുള്ളവർക്ക് നിയമം ബാധകമാണ്. ആരും നിയമത്തിന്റെ മേലെയല്ല. മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. 20 കോടി കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ ലോക്ക്ഡൗൺ കാലത്ത് സഹായം നൽകി. ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കി. 80 കോടി ജനങ്ങൾക്കാണ് സൗജന്യ റേഷൻ നൽകിയത്. പാവപ്പെട്ടവർ പട്ടിണികിടക്കാതെ നോക്കേണ്ട ചുമതലയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന വിപുലീകരിച്ചു. നവംബർ അവസാനം വരെ പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യം നൽകും. അഞ്ച് കിലോ ഭക്ഷ്യധാന്യമായിരിക്കും പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുന്നത്. വിനായക ചതുർത്ഥിയും ഓണവുമടക്കം നിരവധി ഉത്സവങ്ങൾ വരുന്നുണ്ട്. ജനങ്ങൾ കർശനമായി ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഓരോ പൗരനും ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തണം. മാർഗരേഖ ലംഘിക്കുന്നവരെ തടയണം. കൊവിഡ് മുൻകരുതലുകൾ ലംഘിക്കുന്നവരെ നിരുത്സാഹപ്പെടുത്തണം.130 കോടി ജനങ്ങളുടെ ജീവന്റെ രക്ഷയുടെ കാര്യമാണിത്. സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം നാം എല്ലാം ആഘോഷിക്കാനും ആചരിക്കും. ഇതിലൂടെ രാജ്യത്തെ ഏതു പൗരനും എവിടെ നിന്നും റേഷൻ വാങ്ങാനാവും. പ്രതിസന്ധി ഘട്ടത്തിലും രാജ്യം പിടിച്ചു നിന്നത് നികുതിദായകരുടേയും കർഷകരുടേയും പിന്തുണ കൊണ്ടാണ്. ഈ പിന്തുണയ്ക്ക് കർഷകർക്കും നികുതിദായകർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.