നെയ്യാറ്റിൻകര: അഡിഷണൽ എസ്.ഐയെ ആക്രമിക്കാൻ വെട്ടുകത്തിയുമായി പാഞ്ഞടുത്ത മദ്യപസംഘത്തെ തടഞ്ഞ പൊലീസ് ഡ്രൈവർക്ക് പരിക്കേറ്റു. അഡിഷണൽ എസ്.ഐ രാജതിലകത്തെ ആക്രമിക്കാൻ ശ്രമിച്ചത് തടഞ്ഞ നെയ്യാറ്റിൻകര സ്റ്റേഷനിലെ ഡ്രൈവർ ജയപ്രസാദിനാണ് (46) പരിക്കേറ്റത്. പ്രതിയായ പൂതംകോട് സ്വദേശി രാജേഷിനെ (37) പൊലീസ് അറസ്റ്റുചെയ്തു. വെട്ടുകത്തി കൊണ്ട് കൈയ്ക്ക് സാരമായി മുറിവേറ്റ ജയപ്രദാസിനെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂതംകോട് ഭാഗത്തുവച്ച് ഇന്നലെ രാവിലെയായിരുന്നു സംഭവം. മദ്യപാന സംഘത്തെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര അഡിഷണൽ എസ്.ഐ രാജതിലകം, എ.എസ്.ഐ രത്നാകരൻ, സി.പി.ഒ സ്മിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയതോടെ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടുകത്തിയുമായി പൊലീസിനെ ആക്രമിക്കാൻ ഒരുങ്ങുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.