ന്യൂഡല്‍ഹി: അണ്‍ലോക്ക് രണ്ടാംഘട്ടത്തിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. ജൂലൈ ഒന്നു മുതല്‍ തുടങ്ങുന്ന രണ്ടാം ഘട്ടത്തില്‍ രാത്രി കര്‍ഫ്യൂവില്‍ ഇളവുണ്ട്. കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും ട്രെയിന്‍ സര്‍വീസുകള്‍ക്കും അനുമതിയുണ്ട്.
അതേസമയം, സ്കൂളുകളും കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ 31 വരെ തുറക്കില്ല. ജൂലൈയിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. അതേസമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരിശീലന കേന്ദ്രങ്ങള്‍ക്ക് ജൂലൈ 15 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങാം.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പുറപ്പെടുവിച്ച ഉത്തരവില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കണ്ടെയ്ന്മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുമെന്ന് അറിയിച്ചു. എന്നാല്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ ജൂലൈ 31 വരെ ലോക്ക്ഡൗണ്‍ നീട്ടി. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും അനുമതി നല്‍കിയിട്ടുണ്ട്.
വ്യക്തികളുടെ അന്തര്‍-സംസ്ഥാന യാത്രയ്ക്കും ചരക്കു നീക്കത്തിനും യാതൊരു നിയന്ത്രണവുമില്ല. അത്തരം യാത്രകള്‍ക്ക് പ്രത്യേക അനുമതിയുടെയോ അംഗീകാരത്തിന്റെയോ ഇ-പെര്‍മിറ്റിന്റെയോ ആവശ്യമില്ലെന്ന് മാര്‍ഗ്ഗ നിര്‍ദേശത്തിലുണ്ട്.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി പരിമിതമായ രീതിയില്‍ രാജ്യാന്തര വിമാന യാത്രയ്ക്ക് അനുമതിയുണ്ട്. രാത്രി കര്‍ഫ്യൂ ഇനി 10 മുതല്‍ പുലര്‍ച്ചെ 5 വരെയായിരിക്കും. നേരത്തെ 9 മുതല്‍ 5 വരെയായിരുന്നു.
വലുപ്പം, ശാരീരിക അകലം ഉറപ്പാക്കാനുള്ള കഴിവ് എന്നിവ അനുസരിച്ച്, കടകളില്‍ ഒരു സമയം അഞ്ചില്‍ കൂടുതല്‍ ആളുകളാവാം. മെട്രോ സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിട്ടില്ല. സിനിമാ തിയേറ്ററുകള്‍, ജിം, സ്വിമ്മിങ് പൂള്, ബാര്‍, ഓഡിറ്റോറിയം, പാര്‍ക്കുകള്‍ എന്നിവയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടഞ്ഞു കിടക്കും.