തിരുനന്തപുരം: ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെയുള്ള ഇസ്ലാമിസ്റ്റുകളുമായുള്ള ഇടത് ‘ബുദ്ധിജീവിക’ളുടെ കൂട്ടുകെട്ടിനെ തോണ്ടി സെബാസ്റ്റ്യന്‍ പോളിന്റെ മകനും ഇടത് സഹയാത്രികനുമായ റോണ്‍ ബാസ്റ്റ്യന്റെ ഫേസ്ബുക് പോസ്റ്റ് വൻ ചർച്ചയാകുന്നു .ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ വെള്ളപൂശിയെടുക്കാൻ നടക്കുന്ന സംഘടിതശ്രമമാണ് ചിലർ ഇപ്പോൾ നടത്തുന്നതന്നും പോസ്റ്റിലൂടെ റോണ്‍ ബാസ്റ്റ്യൻ തുറന്നടിക്കുന്നു സ്വന്തം അച്ഛൻ പോലും ഈ വലയിൽ വീണ്പോയെന്നും മകൻ സംശയിക്കുന്നതാണ് ഈ പോസ്റ്റ്
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :-
വാരിയൻകുന്നൻ സിനിമയ്ക്ക് നേരെയുള്ള സംഘ്പരിവാർ ഭീഷണിയെ നേരിടുന്നു എന്ന വ്യാജേന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ വെള്ളപൂശിയെടുക്കാൻ നടക്കുന്ന സംഘടിതശ്രമമാണ് ചിലർ ഇപ്പോൾ നടത്തുന്നത്. പുരോഗമന-സെക്കുലർ കാഴ്ചപ്പാടുകൾ ഉള്ളവർ അല്ലെങ്കിൽ ഉണ്ട് എന്ന് നമ്മൾ വിചാരിക്കുന്നവരുടെ പ്രൊഫൈലുകളിൽ നിന്ന് തുടരെത്തുടരെ ഇത്തരം അഭിപ്രായങ്ങൾ വരുന്നുണ്ട്. എന്നാൽ അധ്യാപകൻറെ കൈ വെട്ടിയതിനും അഭിമന്യുവിൻറെ കൊലപാതകത്തിനും ശേഷവും ഇവർ ആരും എന്തുകൊണ്ട് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളെക്കുറിച്ചു പറയുന്നില്ല എന്നാലോചിച്ചിട്ടുണ്ടോ? നിലവിൽ അതൊരു ഭീഷണിയല്ല എന്നാണ് ഇത്തരം ബുദ്ധിജീവികൾ പൊതുവെ പറയുന്നത്. പറഞ്ഞാൽ സംഘ്പരിവാർ മുതലെടുക്കുമെന്ന ന്യായവും നിഷ്കളങ്കമായി പറയും. അവരുമായി ദീർഘകാല സൗഹൃദം നിലനിർത്തുന്ന ആളാണ് എൻറെ അച്ഛൻ (സെബാസ്റ്റ്യൻ പോൾ). ഞാൻ പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹം എം. പി. ആകുന്നത്. അതിനുശേഷമാണ് അദ്ദേഹത്തെ ഇവരുടെ വേദികളിൽ സജീവമായി കാണുന്നത്. എൻറെ അറിവിൽ അതിന് മുൻപ് അദ്ദേഹത്തിന് അത്തരം ഒരു പശ്ചാത്തലവുമായി പരിചയമോ അത്തരം ആളുകളുമായി സൗഹൃദമോ ഇല്ല. അവരുമായുള്ള അദ്ദേഹത്തിൻറെ സൗഹൃദത്തിൻറെ പ്രതീകമായി വീട്ടിലെത്തുന്ന മാധ്യമം ആഴ്ചപ്പതിപ്പിലെ അക്കാലത്തെ ചില ലേഖനങ്ങൾ വായിച്ചു അതൊരു വിപ്ലവമാസികയാണെന്ന തെറ്റിദ്ധാരണ വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രീ ഡിഗ്രിക്ക് മഹാരാജാസിൽ ചേർന്ന് എസ്. എഫ്. ഐയിൽ സജീവമായപ്പോഴാണ് മൗദൂദികളെക്കുറിച്ചുള്ള ശരിയായ ധാരണകൾ കിട്ടിത്തുടങ്ങുന്നത്. അന്ന് ജമാഅത്തെക്കാരുടെ വിദ്യാർഥിവിഭാഗമായ സ്റ്റുഡൻറ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ചെറിയ തോതിൽ ക്യാംപസിൽ പ്രവർത്തിച്ചിരുന്നു. നിശബ്ദമായി ഇവർ ഉണ്ടാക്കുന്ന അപകടത്തെക്കുറിച്ചു ബോധ്യപ്പെട്ടപ്പോൾ ഇത്തരക്കാരുടെ വേദികളിൽ പോകരുതെന്ന് അച്ഛനോട് പലതവണ സംസാരിച്ചുനോക്കുകയും ചെയ്തു. എന്നാൽ ഇവരൊന്നുമല്ല തീവ്രവാദികൾ, ഇവർ പരിസ്ഥിതി-ദളിത്-മനുഷ്യാവകാശപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് എന്നാണ് അദ്ദേഹം ഒഴുക്കൻ മട്ടിൽ പറഞ്ഞത്. പിന്നീടങ്ങോട്ട് അവർ കൊടുത്തുവിടുന്ന വിലകൂടിയ ഈന്തപ്പഴങ്ങളും വിദേശയാത്രയ്ക്കുള്ള വിമാനടിക്കറ്റുകളും കാണാൻ തുടങ്ങിയപ്പോൾ പറച്ചിൽ നിർത്തി. കാരശ്ശേരി മാഷ് ഒരിക്കൽ പറഞ്ഞത് റിലയൻസിനെതിരായ സമരം ഉദ്ഘാടനം ചെയ്യാൻ ജമാഅത്തേക്കാർ വിളിച്ചപ്പോൾ, ‘റിലയൻസ് വിഷമാണ്. പക്ഷേ റിലയൻസിനെതിരെ പറയാൻ ഞാൻ നിങ്ങളുടെ വേദിയിൽ വരില്ല. കാരണം നിങ്ങൾ അതിലും വലിയ വിഷമാണ്’, എന്ന് പറഞ്ഞു മടക്കി അയച്ചു എന്നാണ്. പൊതുസ്വീകാര്യത ഉള്ള ആളുകളെ കയ്യിലെടുത്തു തങ്ങളുടെ വേദികളിൽ എത്തിച്ചാണ് ഇവർ ഇല്ലാത്ത മാന്യത ഉണ്ടാക്കിയെടുക്കുന്നത്. ആ അപകടത്തിൻറെ ആഴം ഇനിയെങ്കിലും തിരിച്ചറിയാനാണ് എൻറെ വ്യക്തിപരമായ അനുഭവം തന്നെ പറയുന്നത്. പൊതുരംഗത്തു ശ്രദ്ധിക്കപ്പെടാൻ പോകുന്ന സെക്കുലർ മുഖങ്ങളെ തെരഞ്ഞുപിടിച്ചു സൽക്കരിച്ചു, വേദികളും വിദേശയാത്രകളും കൊടുത്തു വളർത്തിയെടുക്കുന്ന പ്രക്രിയ ജമാ അത്തെ രാഷ്ട്രീയത്തിൻറെ അവിഭാജ്യഭാഗമാണ്.അടിയന്തിരാവസ്ഥക്കാലത്തു ഇന്ദിരാ ഗാന്ധിയുടെ ഫാസിസമാണ് ഇപ്പോഴത്തെ ശത്രു എന്ന ന്യായം പറഞ്ഞു സമരമുന്നണിയിൽ ബി ജെ പിയുടെ പൂർവ്വരൂപമായ ജനസംഘത്തിന് ഇട്ടുകൊടുത്ത കസേരയാണ് അവർക്ക് ഇല്ലാത്ത മാന്യതയും വർഷങ്ങൾക്കിപ്പുറം രാജ്യത്തിൻറെ അധികാരവും നേടിക്കൊടുത്തത്. ഇന്ന് അതേ തെറ്റ് ആവർത്തിക്കുകയാണ്. സംഘ്പരിവാറിൻറെ ഫാസിസത്തെ എതിർക്കാൻ നമ്മൾ ഇസ്ലാമിസ്റ്റുകളെ കൂടെക്കൂട്ടണം എന്നാണ് ഇവരുടെ ന്യായം. കേരളത്തിൻറെ കോവിഡ് പ്രതിരോധം അത്ഭുതപ്പെടുത്തുന്നുവെന്ന് നോം ചോംസ്കിയും അമർത്യാസെന്നും അടക്കം ലോകം മുഴുവൻ പറയുമ്പോൾ നമുക്കറിയാം, ആ അത്ഭുതത്തിനു പുറകിൽ ചങ്ക് പറിച്ചു സ്നേഹിക്കുന്ന നമ്മുടെ കൂട്ടായ്മയും ഐക്യവും അതിന് ചേർന്ന നേതൃത്വവുമാണെന്ന്. ആരോഗ്യം, ഭക്ഷണം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാനപരമായ സെക്കുലർ ആവശ്യങ്ങളെക്കുറിച്ചാണ് നമ്മൾ ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. പക്ഷേ ഈ സമയം നോക്കിത്തന്നെയാണ് താത്കാലികമായി കുടത്തിലടച്ച വർഗീയഭൂതങ്ങൾ പുറത്തുചാടിയിരിക്കുന്നത്.
https://www.facebook.com/ron.bastian.1/posts/10159461680417079