ടിക് ടോകിലൂടെ താരമായി മാറിയവർ ഏറെയുണ്ട്. അങ്ങനെ ടിക് ടോക് ആരാധകരെ വിസ്മയിപ്പിച്ചയാളാണ് അഭിനേത്രിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. പാട്ടും ഡാൻസും ഹാസ്യരംഗങ്ങളുമൊക്കെയായി ടിക് ടോക്കിലൂടെ നിരവധി തവണ സൗഭാഗ്യ ആളുകൾക്ക് മുന്നിലെത്തി. എന്നാൽ ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചതോടെ തന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ. ടിക്ടോക്കിൽ 15 ലക്ഷം പേരാണ് സൗഭാഗ്യയെ പിന്തുടർന്നിരുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ടിക്ടോക് ഡിലീറ്റ് ചെയ്യുന്ന വിവരം സൗഭാഗ്യ ആരാധകരെ അറിയിച്ചത്.”ടിക്ടോക്കിനും 1.5 മില്യൻ ഫോളോവേഴ്സിനും ഗുഡ് ബൈ, ഈ നിരോധനം എന്നെ തകർത്തോ എന്നു ചോദിച്ചവരോട് ; ടിക്ടോക് ഒരു ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം എന്തും ഏത് മാദ്ധ്യമവും പ്ലാറ്റ്ഫോമും ആകാം”- സൗഭാഗ്യ കുറിച്ചു.അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന്റെ ഒരു സ്ക്രീൻ ഷോട്ടും പങ്കുവച്ചിട്ടുണ്ട്. സൗഭാഗ്യയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി. ഇനി ടിക്ടോക് പ്രകടനങ്ങൾ കാണാനാവില്ല എന്ന സങ്കടവും ചിലർ കമന്റിൽ പങ്കുവച്ചിട്ടുണ്ട്. അമ്മയ്ക്കും ഭർത്താവിനും മുത്തശ്ശിക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ടിക് ടോക് വീഡിയോകളുമായാണ് സൗഭാഗ്യ എത്താറുള്ളത്.