കൊച്ചി: ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണ മേനോന് പതിനായിരം രൂപ പിഴ ഈടാക്കി ഹൈക്കോടതി ഉത്തരവ്. എം.സി ജോസഫൈൻ നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ അവരെ വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു രാധാകൃഷ്ണ മേനോന്റെ ആവശ്യം. വനിതാ കമ്മീഷനെതിരെ രാധാകൃഷ്ണ മേനോൻ നൽകിയ ഹർജി ചെലവ് സഹിതമാണ് കോടതി തള്ളിയത്. തുടർന്ന് പതിനായിരം രൂപ പിഴ കെട്ടിവയ്ക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്.സി.പി.എമ്മിന് കോടതിയും പൊലീസുമുണ്ടെന്ന ജോസഫൈന്റെ വിവാദ പരാമർശം ചോദ്യം ചെയ്തായിരുന്നു രാധാകൃഷ്ണന്റെ ഹർജി. ജോസഫൈന്റെ ഇതേ പരമാർശത്തിന്റെ പേരിൽ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കോൺഗ്രസ് നേതാവ് ലതികാ സുഭാഷും കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പരാതിയുള്ളവർ ഉചിതമായ ഫോറത്തെ സമീപിക്കണമെന്നാണ് ലതികാ സുഭാഷിന്റെ ഹർജി തള്ളിയ കോടതി അന്ന് പറഞ്ഞത്.