ന്യൂഡൽഹി: പനി ബാധിച്ച ഒന്നര വയസുകാരനെ കൊവിഡ് പേടിയിൽ തൊട്ടുനോക്കാൻ പോലും ഡോക്ടർമാർ തയാറായില്ല. ചികിത്സ കിട്ടാതെ മരിച്ച പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് ആശുപത്രി വരാന്തയിൽ കിടന്ന് നെഞ്ച് പൊട്ടി നിലവിളിക്കുന്ന പിതാവും അടുത്തിരുന്ന് വിലപിക്കുന്ന മാതാവും കണ്ണീരണിയിക്കുന്ന ചിത്രമായി.ഉത്തർപ്രദേശിലെ കനൂജയിലാണ് കരളലിയിക്കുന്ന സംഭവമുണ്ടായത്. കുട്ടിക്ക് പനിയും കഴുത്തിൽ വീക്കവും കണ്ടതിനെത്തുടർന്നാണ് മാതാപിതാക്കളായ പ്രേംചന്ദും ആശാദേവിയും ഒന്നരവയസുകാരനെയുമെടുത്ത് അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് പോയത്. എന്നാൽ കൊവിഡാണെന്ന പേടിയിൽ കുഞ്ഞിനെ പരിശോധിക്കാൻ തയാറാകാതെ ഡോക്ടർമാർ 90 കിലോമീറ്റർ അകലെ കാൻപൂരിലെ ആശുപത്രിയിൽ പോകാൻ നിർദേശിച്ചു. ഒ.പി.ടിക്കറ്റ് പോലും നൽകാൻ വിസമ്മതിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. ദരിദ്രനായ തനിക്ക് സ്വകാര്യ വാഹനമോ ആംബുലൻസോ വിളിക്കാൻ പണമില്ലെന്ന് പ്രേംചന്ദ് പറയുന്നുണ്ടായിരുന്നു. ലോക്ക്ഡൗണിനിടെ നടന്നോ ബസിലോ അത്രദൂരം സഞ്ചരിച്ചാൽ കുഞ്ഞിന് ആപത്തുണ്ടാകുമെന്ന് ഭയന്ന് ഡോക്ടറുടെ കാല് പിടിച്ച് മാതാപിതാക്കൾ യാചിച്ചിട്ടും അധികൃതർ കനിഞ്ഞില്ല. ഇതിനിടെ കുഞ്ഞ് അബോധാവസ്ഥയിലായി. ശ്വാസം നിലച്ച കുഞ്ഞിനെയും കെട്ടിപ്പിടിച്ച് ആശുപത്രി വരാന്തയിൽ കിടന്ന് പ്രേംചന്ദ് പൊട്ടിക്കരഞ്ഞു. ഇതിനിടെ സംഭവം കാഴ്ചക്കാരിൽ ആരോ മൊബൈലിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ അവസാനം ചികിത്സ നൽകാൻ തയാറായപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.