ന്യൂഡല്‍ഹി: ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കൊവിഡ് വാക്സിന് മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ ഇന്ത്യന്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ (ഡി.സി.ജി.ഐ)അനുമതി നല്കി. ജുലായ് മാസത്തില്‍ ഒന്നും രണ്ടും ഘട്ട വാക്സിന് പരീക്ഷണം ആരംഭിക്കും. ഐ.സി.എം.ആറുമായി ചേര്‍ന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരതി ബയോടെക് എന്ന ബയോ ടെക്നോളജി കമ്ബനിയാണ് ‘കൊവാക്സിന്’ എന്ന് പേരുളള കൊവിഡ് വാക്സിന് വികസിപ്പിക്കുന്നത്.
രാജ്യത്ത് നിലവില്‍ വിവിധ സ്ഥാപനങ്ങളാണ് വാക്സിന് വികസനത്തിനായി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ മേയ് മാസത്തില്‍ അറിയിച്ചതനുസരിച്ച് മുപ്പതോളം കമ്ബനികളാണ് ഇതിനായി രംഗത്തുളളത്. ത്വരിത ഗതിയിലാണ് വാക്സിന് ഗവേഷണം മുന്നേറുന്നത്. സാധാരണ ഗതിയില്‍ പതിനഞ്ച് വര്‍ഷത്തോളമെടുത്താണ് ഇത്തരം പഠനങ്ങള്‍ പൂര്‍ത്തിയാക്കുക. 300 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇതിനായി ചിലവാകുക.
ലോകമാകെയുളള കാര്യം നോക്കിയാല്‍ വിവിധ രാജ്യങ്ങള്‍ കൊവിഡ് വാക്സിനായുളള മത്സരത്തില്‍ മുന്നിലുണ്ട്. പുതിയ രോഗമായതിനാല്‍ വാക്സിന് കണ്ടെത്തുന്നതിന് ഓരോ ഘട്ടത്തിലും നിരവധി പ്രതിബന്ധങ്ങള്‍ ഗവേഷകര്‍ മറികടക്കേണ്ടതുമുണ്ട്. ലോകാരോഗ്യ സംഘടന നല്കുന്ന വിവരമനുസരിച്ച് ബ്രിട്ടീഷ് ഔഷധ നിര്‍മ്മാണ സ്ഥാപനമായ ആസ്ട്ര സെനെക്കയുടെ വാക്സിനാണ് ഇതിനുമുന്നില്‍. വന്തോതിലുളളതും ചെറിയ രീതിയിലും മനുഷ്യനില്‍ പരീക്ഷണം നടത്തുന്ന ഘട്ടമെത്തിയിട്ടുണ്ട് ഈ വാക്സിന്. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല ഗവേഷകരാണ് ഈ വാക്സിന് നിര്‍മ്മിക്കുന്നത്. മോഡേണ എന്ന അമേരിക്കന്‍ കമ്ബനി നിര്‍മ്മിക്കുന്ന വാക്സിനാണ് രണ്ടാമത്. ജുലായ് മധ്യത്തോടെ മൂന്നാംഘട്ട കൊവിഡ് വാക്സിന് പരീക്ഷണം മനുഷ്യരില്‍ നടത്താനാണ് കമ്ബനിയുടെ തീരുമാനം.
രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലും വാക്സിന് കണ്ടെത്താനുളള ശ്രമം ഊര്‍ജ്ജിതമാണ്. അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്സ് കണ്ടെത്തിയ വിവരം അനുസരിച്ച് കാന്‍സിനോ ബയോളൊജിക്സ് എന്ന കമ്ബനിയുമായി ചേര്‍ന്ന് നിര്‍മ്മിച്ച വാക്സിന് പരീക്ഷണത്തിന് ചൈനീസ് സേന അനുമതി നല്കി കഴിഞ്ഞു. Ad5-nCoV എന്ന മരുന്ന് ഫലം ശുഭസൂചനയാണെന്നാണ് ചൈനയില്‍ നിന്നും ലഭിക്കുന്ന വിവരം.
അമേരിക്കന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ ഗിലെഡ് സയന്‍സസ് ഇന്‍കോര്‍പറേറ്റഡ് നല്കുന്ന വിവരമനുസരിച്ച് ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ അഞ്ച് ദിവസം കഴിച്ചാല്‍ തീക്ഷ്ണത കുറഞ്ഞ കൊവിഡ് രോഗികളില്‍ അസുഖം ഭേദപ്പെടുന്നതായാണ് കാണുന്നത്. കൊവിഡ് രോഗികളില്‍ ആദ്യം നല്ല ഫലം തന്ന മരുന്നും ഇതുതന്നെയാണ്.
എന്നാല്‍ വേഗം കണ്ടെത്തുന്ന വാക്സിനുകളിലൂടെ രോഗം മാറിയാലും അവയ്ക്ക് എന്തെങ്കിലും പോരായ്മകളുണ്ടാകുന്നതിനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ലോകമാകെ ഒരു കോടിയിലധികം ജനങ്ങളെ ബാധിക്കുകയും അഞ്ച് ലക്ഷത്തിലേറെ മനുഷ്യരുടെ മരണത്തിന് കാരണമാകുകയും ചെയ്തുകഴിഞ്ഞു കൊവിഡ് മഹാമാരി. ഇന്ത്യയില്‍ അഞ്ചര ലക്ഷം പേര്‍ക്ക് രോഗബാധയുണ്ടായി. 16,475 പേരുടെ ജീവന് രോഗത്താല്‍ നഷ്ടമായി. ലോകരാജ്യങ്ങളിലും ഇന്ത്യയിലും സാമ്ബത്തികമായും അല്ലാതെയും സൃഷ്ടിച്ച ആകുലതകള്‍ വേറെ. ഇവയില്‍ നിന്നെല്ലാം മോചനത്തിനായി വാക്സിനായുളള കാത്തിരിപ്പിലാണ് ലോക രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും.