കോട്ടയം : കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാല് മാസം നടത്തിയ അനുനയ ശ്രമങ്ങള്‍ ഒരു നിലക്കും വിജയിക്കാത്ത സാഹചര്യത്തിലാണ് ആഗ്രഹിച്ചിട്ടെല്ലങ്കിലും ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യു ഡി എഫിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തയപ്പോഴാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെതിരെ നടപടി സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മാണി സാറിന്റെ സംഭാവനകള്‍ താന്‍ ഒരിക്കലും വിസ്മരിക്കില്ല. യു ഡി എഫിന് മാണി സാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നല്കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറുന്നത് സംബന്ധിച്ച് നേരത്തെ ധാരണയുണ്ടായിരുന്നു. ഇത് ലംഘിക്കപ്പെട്ടതോടെ പല പ്രാവിശ്യം ജോസ് കെ മാണിയമായി ഒറ്റക്കും യു ഡി എഫ് കൂട്ടമായിട്ടും ചര്‍ച്ച നടത്തി. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. അവസാനം യു ഡി എഫ് നേതൃത്വം ഒരു ഉത്തരവാദിത്വം നിറവേറ്റാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. കേരള കോണ്‍ഗ്രസുമായുള്ള ബന്ധം അടഞ്ഞതല്ല. ഇനിയും ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.