ഒരു കൊവിഡ് മരണം കൂടി,സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ്, കാസർകോട് -04
സംസ്ഥാനത്ത് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുകയും, ഇന്നലെ തുടർച്ചയായ പത്താം ദിവസവും പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടക്കുകയും ചെയ്തിരുന്നു. ഇന്നത്തെ കൊവിഡ് കണക്കുകളുടെ വിശദാംശങ്ങൾ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 79 പേർക്ക് രോഗമുക്തിയുമുണ്ടായി. 24-ന് മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ച തമിഴ്നാട് സ്വദേശി, ഹരസാഗരന്, കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നാണ് ഫലം വന്നത്. ഇതിൽ 78 പേർ വിദേശത്ത് നിന്ന് വന്നതാണ്. 26 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നവരും. സമ്പർക്കം വഴി 5 പേർ. രോഗബാധിതരിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകരാണ്. ഒൻപത് സിഐഎസ്എഫുകാർക്കും രോഗം സ്ഥിരീകരിച്ചു.
പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തൃശ്ശൂർ 26, കണ്ണൂർ 14 മലപ്പുറം 13 പത്തനംതിട്ട 13 പാലക്കാട് 12 കൊല്ലം 11 കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ച് വീതം, കാസർകോട്, തിരുവനന്തപുരം നാല് വീതം.
നെഗറ്റീവായവരുടെ കണക്ക് – തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ കോട്ടയം 8 വീതം, എറണാകുളം നാല്, തൃശൂർ അഞ്ച് പാലക്കാട് മൂന്ന്, കോഴിക്കോട്, എട്ട് , മലപ്പുറം ഏഴ്, കണ്ണൂർ 13, കാസർകോട് 2.
സംസ്ഥാനത്ത് ഇന്നലത്തെ കണക്കനുസരിച്ച് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുകയും, തുടർച്ചയായ പത്താം ദിവസവും പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടക്കുകയും ചെയ്തിരുന്നു.
ശ്രീകുമാരഗുരുവിന്റെ സ്മൃതി ദിനത്തിന് ആശംസകളർപ്പിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്.
കാസർകോട് ജില്ലയില്‍ നാല് പേര്‍ക്ക് കോവിഡ്
ഇന്ന് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച നാല് പേരും വിദേശത്ത് നിന്നെത്തിയതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വവി രാംദാസ് അറിയിച്ചു.
ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 33 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, ജൂണ്‍ 22 ന് അബുദാബിയില്‍ നിന്നെത്തിയ 26 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 22 ന് ഫുജൈറയില്‍ നിന്നു വന്ന 50 വയസുള്ള വലിയപറമ്പ സ്വദേശി , ജൂണ്‍ 24 ന് ഖത്തറില്‍ നിന്നെത്തി 40 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
ജില്ലയില്‍ രണ്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 17 ന് കോവിഡ് സ്ഥിരീകരിച്ച 46 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, യു എ ഇയില്‍ നിന്നെത്തി ജൂണ്‍ 17 ന് കോവിഡ് സ്ഥിരീകരിച്ച 49 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6708 പേര്
വീടുകളില്‍ 6286 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 422 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6708 പേരാണ്. പുതിയതായി 897 പേരെ നീരിക്ഷണത്തിലാക്കി. 369 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 786 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.