മലപ്പുറം: കേരള കോണ്‍ഗ്രസ് വിഷയത്തില്‍ യുഡിഎഫ് തീരുമാനം അംഗീകരിക്കുന്നതായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ യുഡിഎഫ് നേരത്തെ ധാരണയിലെത്തിയിരുന്നു. ഇക്കാര്യം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഈ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ ഘടകക്ഷികള്‍ കോണ്‍ഗ്രസിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതില്‍ കോണ്‍ഗ്രസ് നിലപാടാണ് യുഡിഎഫ് നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ വിഷയത്തില്‍ ലീഗിന് വ്യത്യസ്ത അഭിപ്രായമില്ല. യുഡിഎഫ് തീരുമാനമാണ് തങ്ങളുടേതും. ഇനി ലീഗ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കില്ല. നേരത്തെ യുഡിഎഫ് അധികാരപ്പെടുത്തിയത് അനുസരിച്ചാണ് തങ്ങള്‍ ചര്‍ച്ച നടത്തിയത്. അടുത്ത ബുധനാഴ്ച യുഡിഎഫ് യോഗം ചേരും. അതിന്റെ തീരുമാനത്തിനനുസരിച്ചായിരിക്കും തങ്ങളുടെ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.