ശ്രീനഗര്‍: ജമ്മുവിലെ ഡോട ജില്ലയെ ഭീകരമുക്തമായി പ്രഖ്യാപിച്ച് ജമ്മു പോലീസ്. ലിസ്റ്റില്‍ ഉണ്ടായിരുന്ന അവസാന ഭീകരനേയും കൊന്നൊടുക്കിയാണ് സുരക്ഷ സേന ഈ നേട്ടം കൈവരിച്ചത്. ഇന്നു രാവിലെ നടന്ന ഏറ്റമുട്ടലിലാണു ഹിസ്ബുല്‍ കമാന്‍ഡര്‍ മസൂദ് അഹമ്മദ് ബട്ട് കൊല്ലപ്പെട്ടത്. ഡോട ജില്ലയില്‍ പീഡന കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ് കൊല്ലപ്പെട്ട മസൂദ് അഹമ്മദ് ബട്ട്. ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരസംഘടനയില്‍ ചേര്‍ന്നു കശ്മീരിലേക്ക് പ്രവര്‍ത്തനംമാറ്റിയതിനു പിന്നാലെ മസൂദിനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിരുന്നു. തിങ്കളാഴ്ച കരസേന, സിആര്‍പിഎഫ്, പൊലീസ് എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന് നടത്തിയത്.
അതേസമയം, അനന്ത് നാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണു റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്. ഖുല്‍ഹോഗര്‍ പ്രദേശത്ത് ഭീകരസാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തെരച്ചില്‍ നടത്തുകയായിരുന്നു. തെരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു.തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്.