ബംഗളൂരു: ജലദോഷത്തിന് മരുന്നെന്ന് പറഞ്ഞ് ഉറക്കഗുളിക നല്കി 19കാരിയെ അച്ഛന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രണ്ടാനമ്മ വിവരം പൊലീസില്‍ അറിയിക്കാത്തതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ടോയ്ലെറ്റ് ക്ലീനര്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച 19കാരി തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. തന്റെ ദുരനുഭവം തുറന്നുപറയുന്നതിനിടെ തളര്‍ന്നുവീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബംഗളൂരുവിലെ ഹരളൂരിലാണ് ദാരുണ സംഭവം. ചുമയും ജലദോഷവുമാണെന്ന് പറഞ്ഞ മകള്‍ക്ക് അച്ഛന് മരുന്ന് നല്കി. 40കാരന് ഉറക്കഗുളികയാണ് നല്‍കിയതെന്ന് പൊലീസ് പറയുന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ അച്ഛന് തൊട്ടടുത്ത് കിടക്കുന്നതാണ് കണ്ടത്. താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
ഉടന്‍ തന്നെ രണ്ടാനമ്മയോട് കാര്യം പറഞ്ഞെങ്കിലും ഒന്നും ചെയ്യാന്‍ തയ്യാറായില്ല. ഇതില്‍ മനഃനൊന്ത് പെണ്‍കുട്ടി ടോയ്ലെറ്റ് ക്ലീനര്‍ എടുത്തു കുടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഉടന്‍ തന്നെ പരാതി പറയാന്‍ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി. തനിക്ക് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ പെണ്‍കുട്ടി ബോധരഹിതയായി വീണതായും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ അച്ഛനെ അറസ്റ്റ് ചെയ്തു. കൃത്യത്തില്‍ രണ്ടാനമ്മയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി പൊലീസ് പറയുന്നു.