കല്യാണപരസ്യം പൂർണമായും നിലച്ചതും ആരാധനാ കേന്ദ്രങ്ങളിലെ വിശേഷാൽ പരിപാടികൾക്ക് വർണ്ണപ്പകിട്ട് കുറഞ്ഞതും കാസർകോട്ടെ പത്രങ്ങൾക്ക് തിരിച്ചടിയായി.
പരസ്യ വരുമാനം നിലച്ചു,സർക്കുലേഷൻ ഇടിഞ്ഞു,തൊഴിലാളികൾ ഭയാശങ്കയിൽ ,സായാന്ഹ പത്രങ്ങളുടെ നില പരിതാപകരം ,പിടിച്ചുനിൽക്കുന്നത് ഒന്നോരണ്ടോ പത്രങ്ങൾ മാത്രം
കാസർകോട് :നാടിന്റെ നാവായി തലയുയർത്തിനിന്ന പ്രാദേശിക പത്രങ്ങൾ ചരിത്രത്തിലില്ലാത്ത അഗാധമായ പ്രതിസന്ധി നേരിടുന്നു.കോവിഡ് കാലം മലയാള പത്രങ്ങൾക്ക് വൻ തിരിച്ചടിയായതിനൊപ്പമാണ് കേരളത്തിലെ സായാന്ഹ പത്രങ്ങളും അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സായാന്ഹ പത്രങ്ങൾ പുറത്തുവരുന്ന കാസർകോട്ടെ പ്രമുഖ സായാന്ഹ പത്രങ്ങളും പ്രതിസന്ധിയിലായിക്കഴിഞ്ഞു.ഗതാഗത സൗകര്യം നിലച്ചതും മറ്റും പത്രവിതരണത്തെയും ബാധിച്ചു.ന്യൂസ് സ്റ്റാളുകളിലെത്തുന്നുന്ന കോപ്പികൾ വാങ്ങാൻ പോലും ആളില്ലാത്ത നിലയിലായെന്ന് ഏജൻസികൾ ബി.എൻ.സിയുടെ പറഞ്ഞു.
കല്യാണപരസ്യം പൂർണമായും നിലച്ചതും ആരാധനാ കേന്ദ്രങ്ങളിലെ വിശേഷാൽ പരിപാടികൾക്ക് വർണ്ണപ്പകിട്ട് കുറഞ്ഞതും കാസർകോട്ടെ പത്രങ്ങൾക്ക് തിരിച്ചടിയായി.ഗൾഫിൽ കൊവിഡിന് മുമ്പേ ഉടലെടുത്ത സാമ്പത്തിക മാന്ദ്യം പോലും കാസർകോട്ടെ പത്രങ്ങളുടെ നിലനിൽപ്പിനെ ബാധിച്ച സുപ്രധാന ഘടകമാണ്. നവമാധ്യമങ്ങളുടെ പിടിമുറുക്കവും കൂടിയായപ്പോൾ കാസർകോട്ടെ സായാന്ഹ പത്രങ്ങളുടെ ഗൾഫ് സർക്കുലേഷനെയും പ്രതികൂലമാക്കി.പതിനായിരം കോപ്പി അടിക്കുന്നുവെന്ന് അവകാശപ്പെട്ട പത്രങ്ങളുടെ വിതരണം ഇപ്പോൾ ആയിരത്തിൽ താഴെയാണ്.ഇതുപോലും വിറ്റഴിക്കപ്പെടുന്നില്ലെന്ന് ഏജൻസികൾ സമ്മതിക്കുന്നു.
ഇപ്പോൾ സായാന്ഹ പത്രങ്ങൾക്ക് ആകെയുള്ള വരുമാനം സംസ്ഥാന സർക്കാർ പരസ്യം മാത്രമാണ്.പെരുപ്പിച്ചുകാട്ടിയ കണക്കുകൾ സമർപ്പിച്ചാണ് സർക്കാർ പരസ്യം തരപ്പെടുത്തുന്നത്.വർഷത്തിൽ ഒരിക്കൽ മാത്രം പ്രസിദ്ധീകരിച്ച് സർക്കാർ പരസ്യവും റിപ്പോർട്ടർമാർക്കുള്ള അക്രഡിറ്റഷൻ അടക്കമുള്ള ആനുകൂല്യങ്ങളും തട്ടുന്ന ചിലരും ഈ രംഗത്ത് വിരാജിക്കുന്നുണ്ട്.നാട്ടിലെ ചില സമ്പന്ന പ്രമാണികൾ വാഴ്ത്തുന്ന സപ്ലിമെന്റ് പതിപ്പുകൾക്കെതിരെയും തരം താണ വാഴ്ത്തുപാട്ടുകൾക്കെതിരെയും നവമാധ്യമങ്ങളിൽ ട്രോളര്‍മാര്‍ കൊന്നുകൊലവിളി നടത്തുന്നതുകൊണ്ടും അത്തരം വരുമാനങ്ങളും നിലച്ചിരിക്കുകയാണ്.കാലം തള്ളിക്കളഞ്ഞ മാധ്യമ പ്രവർത്തനം വായനക്കാരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് പരാജയപ്പെട്ടതും ജനം തിരിച്ചറിയുന്നത് സായാന്ഹ പത്രങ്ങൾക്കേറ്റ മറ്റൊരു തിരി ച്ചടിയാണ്.
ക്രിമിനൽ കുറ്റകൃത്യങ്ങളിൽ അകപ്പെടുന്നവരുടെ പേരുവിവരങ്ങൾ മനഃപൂർവം മറച്ചുപിടിക്കുന്ന ചില മാധ്യമങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങളും സോഷ്യൽ മീഡിയ പൊളിച്ചടുക്കിയതോടെ നട്ടം തിരിയുന്നത് ചെറുകിട പത്രങ്ങളാണ്. ഇതിനിടയിലും ജനങ്ങൾക്കൊപ്പം നിന്ന് സർക്കുലേഷനിൽ ഇടിവുണ്ടാകാതെ നോക്കുന്ന സായാന്ഹ പത്രങ്ങളും ജില്ലയിലുണ്ട്.
സായാന്ഹ പത്രങ്ങളിൽ ഉടലെടുത്ത സ്തംഭനാവസ്ഥയിൽ ആകെ ഭയപ്പാടിലായത് ഇവിടുത്തെ ജീവനക്കാരെയാണ്.വരുമാനം നിലച്ച പത്രങ്ങളിൽനിന്ന് കൃത്യമായ വേതനം കിട്ടുന്നതിലും ആശങ്ക പരന്നിട്ടുണ്ട്.പലരെയും തൊഴിലിൽ നിന്ന് സ്വയം ഒഴിഞ്ഞുപോകാൻ നിര്‍ബന്ധിക്കപ്പെടുകയാണ്.പലർക്കും ഒരു വർഷത്തെ ശമ്പള കുടിശ്ശികപോലും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.