അത്തറിന് പകരം സാനിറ്റൈസർ; കച്ചവടം ലാഭകരമാക്കി കാസർകോട് മേൽപ്പറമ്പ് ചാത്തങ്കൈ സ്വദേശി അഷറഫ് കുന്നരിയത്ത്
മുംബൈ വസായി ജില്ലാ കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് കൂടിയാണ് ആക്ടിവിസ്റ്റായ അഷ്റഫ് കുന്നരിയത്ത്
മുംബൈ : പരിമളം പരത്തിയ അത്തറിന് പകരം കൊറോണ വൈറസിനെ തടുക്കുന്ന സാനിറ്റൈസർ നിർമിക്കുകയാണ് മലയാളി വ്യവസായി. ഗൾഫ് വിപണികളിലേക്ക് അത്തറും കോസ്മറ്റിക്ക് ഉത്പന്നങ്ങളും നിർമിച്ച് കയറ്റുമതി ചെയ്തിരുന്ന കാസർകോട് സ്വദേശി അഷറഫ് കുന്നരിയത്ത് ആണ് ഇപ്പോൾ വസായിലെ സ്വന്തം വ്യവസായ യൂണിറ്റിൽ സാനിറ്റൈസർ നിർമിച്ച് വിപണനം നടത്തുന്നത്. ലോക്ഡൗൺ മൂലം അഭിമുഖീകരിച്ച പ്രതിസന്ധി മറികടക്കാനായിരുന്നു ഈ ചുവടുമാറ്റം.
അഷറഫിന് ഒപ്പമുള്ള 24 തൊഴിലാളികൾക്കും ഇതുമൂലം ജീവിതമാർഗം നിലനിർത്താനായി. എഫ്ഡിഎയുടെ ലൈസൻസ് വാങ്ങിയാണ് സാനിറ്റൈസർ നിർമാണം ആരംഭിച്ചത്. ബിസിനസ് ലാഭകരമായി മുന്നോട്ടു പോകുന്നുണ്ടെന്ന് അഷ്റഫ് പറയുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായിരുന്നപ്പോൾ മേഖലയിലെ തൊഴിലാളികൾക്ക് രണ്ട് നേരം സൗജന്യ ഭക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമുള്ള ക്രമീകരണം ചെയ്ത അഷറഫിന് തൊഴിലാളികളുടെയും സർക്കാർ സംവിധാനങ്ങളുടെയും നല്ല സഹകരണവും ലഭിച്ചിരുന്നു .