കൊറോണ ചികിത്സയ്ക്ക് ഫലപ്രദമെന്ന് കണ്ടെത്തല്‍; ഡെക്സമെതസോണ്‍ മരുന്ന് ഉപയോഗിക്കാന്‍ കേന്ദ്രാനുമതി, ക്ലിനിക്കല്‍ മാനേജ്മെന്റ് പ്രോട്ടോകോളില്‍ ഭേദഗതി
ന്യൂദല്‍ഹി : കൊറോണ പ്രതിരോധ ചികിത്സയ്ക്ക് ഡെക്സമെതസോണ്‍ മരുന്ന് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. കൊറോണ മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഡെക്സമെതസോണ്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി.
നേരത്തെ മെഥൈല്പ്രെഡാണ് പ്രതിരോധത്തിനായി ഉപയോഗിച്ചിരുന്നത്. ഇതിനു പകരമായാണ് ഡെക്സമെതസോണ്‍ ഉപയോഗിക്കുന്നത്. വില കുറഞ്ഞ സ്റ്റിറോയിഡുകളില്‍ ഉള്‍പ്പെട്ട മരുന്നാണ് ഡെക്സമെതസോണ്‍.
കൊറോണ മൂലം ആരോഗ്യനില ഗുരുതരമായവര്‍ക്ക് ഡെക്സമെതസോണ്‍ നല്‍കുന്നത് ഫലപ്രദമാണെന്ന് ബ്രിട്ടണില്‍ നടന്ന ക്ലിനിക്കല്‍ പരീക്ഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഡെക്സാമെതാസോണിന്റെ നിര്‍മ്മാണം വര്‍ധിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കൊറോണ ചികിത്സയ്ക്കായി ഡെക്സമെതസോണ്‍ ഉപയോഗിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. ഡെക്സമെതസോണ്‍ ഉപയോഗിക്കുന്നതിനായി കൊറോണ ക്ലിനിക്കല്‍ മാനേജ്മെന്റ് പ്രോട്ടോകോളില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഭേദഗതി വരുത്തിയിട്ടുണ്ട്.
കൊറോണ രോഗികളില്‍ ഓക്സോഫ് യൂണിവേഴ്സിറ്റി ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിലാണ് ഡെക്സമെതസോണ്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 2,000 രോഗികളിലാണ് ഡെക്സമെതസോണ്‍ പരീക്ഷിച്ചത്. ഇതില്‍ 35 ശതമാനം ആളുകളുടെയും രോഗം ഭേദമാകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന രാജ്യങ്ങളോടും ഡെക്സമെതസോണിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.