പിണറായി വിജയൻ സർക്കാരിന് സർ സിപി സിൻഡ്രോം’ കരിമണൽ നീക്കത്തിനെതിരെ തോട്ടപ്പള്ളിയിൽ സത്യാഗ്രഹമിരുന്ന് സുധീരൻ
സർക്കാർ നടപടി എന്ത് വിലകൊടുത്തും തടയുമെന്ന നിലപാടിലാണ് ജനകീയസമര സമിതിയും കോൺഗ്രസും. ഇതിന്റെ ഭാഗമായാണ് വിഎം സുധീരന്റെ സത്യാഗ്രഹ സമരം.
ആലപ്പുഴ: തോട്ടപ്പള്ളിയിൽ നിരോധനാജ്ഞ നിലനിൽക്കെ കരിമണൽ നീക്കത്തിനെതിരെ വിഎം സുധീരന്റെ സത്യാഗ്രഹം. പിണറായി വിജയൻ സർക്കാരിന് സർ സിപി സിൻഡ്രോമെന്ന് വിഎം സുധീരൻ വിമർശിച്ചു. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ സമരത്തിന് ഐക്യദാർഢ്യവുമായി തോട്ടപ്പള്ളിയിലെത്തി. ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിനൊപ്പം പ്രദേശത്ത് നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചാണ് കരിമണൽ നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നത്. എന്നാൽ സർക്കാർ നടപടി എന്ത് വിലകൊടുത്തും തടയുമെന്ന നിലപാടിലാണ് ജനകീയസമര സമിതിയും കോൺഗ്രസും. ഇതിന്റെ ഭാഗമായാണ് വിഎം സുധീരന്റെ സത്യാഗ്രഹ സമരം.
തോട്ടപ്പള്ളിയിലെ ജനകീയ സമരത്തെ അടിച്ചമര്‍ത്തുന്ന സർക്കാർ നയം കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്ന് വി എം സുധീരൻ പറഞ്ഞു. കരിമണൽ കൊള്ളയ്ക്ക് സർക്കാർ ഒത്താശ ചെയ്യുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന പുറക്കാട് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ അംഗീകരിച്ച്, കരിമണൽ നീക്കം നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ പ്രളയ രക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മണൽ നീക്കുന്നതെന്ന സർക്കാർ വാദം കണക്കിലെടുത്ത് പിന്നീട് കോടതി അതുമതി നൽകി.