കാസര്‍കോട് :കേരള പോലീസിന്റെ 27 ഓളം സേവനങ്ങള്‍ ഇനിമുതല്‍ പിഒഎല്‍-ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭിക്കും.പൊതുജനങ്ങളും പോലീസും തമ്മിലുളള അകലം കുറച്ചുകൊണ്ട് ജനങ്ങള്‍ക്ക് അവരുടെ വീടുകളില്‍ ഇരുന്നുകൊണ്ടുതന്നെ പോലീസിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഈ ആപ്പ് ഉപയോഗിക്കാം. എഫ് ഐ ആര് ന്റെ പകര്‍പ്പുകള്‍, പോലീസ് സ്റ്റേഷന് സംബന്ധമായ വിവരങ്ങള്‍, പാസ്പോര്‍ട്ട് വെരിഫിക്കേഷന് സ്റ്റാറ്റസ്, പോലീസുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പണമിടപാടുകള്‍, വനിതകള്‍ക്കും കുട്ടികള്‍ക്കും സ്റ്റേഷന് ചുമതലയുളള ഉദ്യോഗസ്ഥരെ കാണുന്നതിനുളള അപ്പോയിന്റ്മെന്റ് എടുക്കല്‍, സുരക്ഷാ എമര്‍ജന്‍സിയുമായി ബന്ധപ്പെട്ട എസ് ഒ എസ് മെസ്സെജുകള്‍ (112) കൂടാതെ പൊതു ഇടങ്ങളില്‍ നടക്കുന്ന കുറ്റകരമായ പ്രവര്‍ത്തികള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഉപേക്ഷിച്ചതായി കാണപ്പെടുന്ന കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്നവര്‍ എന്നിവരെ കുറിച്ചുളള വിവരങ്ങളും ഈ ആപ്പ് വഴി ജനങ്ങള്‍ക്ക് പോലീസുമായി പങ്കുവെക്കാം.ദീര്‍ഘനാളത്തേക്കു വീടുകള്‍ പൂട്ടിയിടേണ്ടി വരുന്നവര്‍ക്കും ഈ ആപ്പ് വഴി തങ്ങളുടെ പരിധിയിലുളള പോലീസ് സ്റ്റേഷനില്‍ വിവരം കൈമാറി സുരക്ഷിതത്വം ഉറപ്പുവരുത്താവുന്നതാണ്. ഈ സേവനം ജില്ലയിലെ മുഴുവന്‍ ജനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പ അറിയിച്ചു ഗൂഗിള്‍ പ്ലേസ്റ്റോറിലും, ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.