കാസര്‍കോട് : ജില്ലയില്‍ ഗാര്‍ഹിക അതിക്രമം നേരിടുന്ന സ്ത്രീകള്‍ക്ക് പ്രശ്ന പരിഹാരത്തിനായി മുജാഹിദ് എജുക്കേഷന്‍ ട്രസ്റ്റ് (9946573186, 8792789073,) ഗവണ്മെന്റ് മഹിളാ മന്ദിരം (04994235201) എന്നിവിടങ്ങളില്‍ സൗജന്യ ലീഗല്‍ കൗണ്‍സിലറുടെ സേവനം ലഭിക്കും. ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് അടിയന്തിര ഘട്ടത്തില്‍ താമസ സൗകര്യം ആവശ്യമായി വന്നാല്‍ ഗവണ്മെന്റ് മഹിളാമന്ദിരം അഞ്ചങ്ങാടി (04994235201,) സ്നേഹ സദന് ഷെല്‍ട്ടര്‍ ഹോം പടന്നക്കാട് (04672200884) എന്നിവിടങ്ങളില്‍ താമസ സൗകര്യം ലഭ്യമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വണ്‍സ്റ്റോപ്പ് സെന്റര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. വണ്‍സ്റ്റോപ്പ് സെന്റര്‍ കുടുംബക്ഷേമ ഉപ കേന്ദ്രത്തിത്തിന് സമീപം വിദ്യാനഗറില്‍ 9400088573 താമസ സൗകര്യവും വൈദ്യ സഹായവും കൗണ്‍സിലിങ്ങും നല്കി വരുന്നു. സേവനങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസുമായി 04994256266 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ലോക്ഡൗണ്‍ കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്ത്രീകള്‍ക്ക് നേരിട്ട് പരാതി നല്‍കാനോ അതിക്രമങ്ങള്‍ തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ടുള്ള അവബോധ ക്ലാസുകള്‍ നല്‍കാനോ നേരിട്ടുള്ള പരാതി പരിഹാരം നടത്താനോ സാധ്യമല്ലാത്തതിനാല്‍ അതിക്രമങ്ങള്‍ മുന്‍കൂട്ടി അറിയിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനുമായി വലിയ പദ്ധതിയാണ് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ് സ്വീകരിച്ചത്. ഇതിനായി വില്ലേജ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍, പോലീസ് സ്റ്റേഷന്, ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍, കുടുംബശ്രീ, സ്കൂള്‍ അധികൃതര്‍ എന്നിവരെ വണ്‍സ്റ്റോപ്പ് സെന്ററിലെ ജീവനക്കാര്‍ നിരന്തരം ബന്ധപ്പെട്ട് വിവരശേഖരണം നടത്തി വരികയാണ്. എളുപ്പത്തില്‍ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവനക്കാരിലൂടെ നേരത്തേതന്നെ പരാതികള്‍ കണ്ടെത്താനും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കാനും ഈ പരിപാടി പ്രയോജനപ്പെടുന്നു.
വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ് മുഖാന്തിരം നല്കി വരുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ബ്രോഷറുകളും പോസ്റ്ററുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള സമഗ്ര പരിപാടികളാണ് വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ് നടത്തുന്നത്.