കാസര്‍കോട് : ഉപദേശിച്ചു സ്നേഹിച്ചും ശാസിച്ചും കുട്ടികളെ നേര്‍വഴിക്ക് നടത്തുന്ന അധ്യാപകര്‍ ഈ കോവിഡ് കാലത്ത് രോഗപ്രതിരോധത്തിനുള്ള പുതിയ ദൗത്യം ഏറ്റെടുക്കുന്നു. കോവിഡ് 19 സമ്പര്‍ക്കത്തിലൂടെ വ്യാപിക്കാതിരിക്കാന്‍ കാസര്‍കോട്ജില്ലാ ഭരണകൂടം കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. മാഷ് എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ അധ്യാപകര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തോടെപ്പം നേതൃത്വം നല്‍കും. കൈകള്‍ ശുചിയാക്കുക, മാസ്ക് ധരിക്കുക , ശാരീരിക അകലം പാലിക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ പ്രത്യേക സംഘത്തെ വാര്‍ഡുകള്‍ തോറും നിയോഗിക്കും. അധ്യാപകര്‍ ബ്രെയ്ക്ക് ദ ചെയിന്‍ ക്യാമ്പയിന് ബോധവല്‍ക്കരണം നല്‍കും.നിയമം ലംഘിക്കുന്നവരെ ആദ്യം ഉപദേശിച്ചും അത് അനുസരിക്കാത്തവരെ ശാസിച്ചും നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിച്ചുമാണ് അധ്യാപകര്‍ പ്രവര്‍ത്തിക്കുക. 1973 ക്രിമിനല്‍ നടപടി ചട്ട(സി ആര് പി സി) പ്രകാരം നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള അധികാരം ഈ അധ്യാപകര്‍ക്ക് നല്‍കാനായി ആലോചിക്കുന്നതായി ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് നിര്‍വ്യാപന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നത് .
ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെവി പുഷ്പയുടെ മേല്‍നോട്ടത്തിലാണ് അധ്യാപകര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും അധ്യാപകരുടെ സാന്നിധ്യം ഉറപ്പാക്കി രോഗവ്യാപനം തടയുകയാണ് മാഷിന്റെ ലക്ഷ്യം. ബ്രേക്ക് ദി ചെയിന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിക്കും. ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാത്തവരെ കുറിച്ചുള്ള ഫോട്ടോയും മറ്റു വിവരങ്ങളും അധ്യപകര്‍ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് 8590684023 എന്ന വാട്സ്ആപ്പ് നമ്പറില്‍ അയച്ചു കൊടുക്കും. ഇതിന് നേതൃത്വം നല്കുന്ന എല്ലാ അധ്യപകരുടെയും മെബൈല്‍ നമ്പര്‍ ജില്ലാഭരണകൂടം ശേഖരിച്ചിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് . ചില കടകളിലും പൊതു ഇടങ്ങളിലും മാസ്ക്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും ആളുകള്‍ കൂട്ടം കൂടുന്നതായി കാണുന്നു . ഇത്തരം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍പറഞ്ഞു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വാര്‍ഡുകളില്‍ അധ്യാപകരുടെ സാന്നിധ്യം ഉറപ്പുവരുത്തുമെന്നും കളക്ടര്‍ അറിയിച്ചു