കാസർകോട്: കൈമാറ്റ നടപടികൾ അനന്തമായി നീളുന്ന കാസർകോട് ബെദ്രഡുക്കയിലെ ഭെൽ – ഇ.എം.എൽ കമ്പനി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു.ഭെൽ ഇ.എം.എൽ ഇൻഡിപ്പെൻഡന്റ് എംപ്ലോയീസ് യൂണിയനു (എസ്.ടി.യു) വേണ്ടി ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്റഫ് നൽകിയ ഹരജിയിൽ ജസ്റ്റിസ് അനു ശിവരാമനാണ് നോട്ടീസ് അയയ്ക്കാൻ ഉത്തരവായത്. ഒരാഴ്ചയ്ക്കകം സർക്കാരുകൾ വിശദീകരണം നൽകണം. ഹരജി ജൂലായ് ഒന്നിന് വീണ്ടും പരിഗണിക്കും.2016ൽ കേന്ദ്ര സർക്കാർ കൈയൊഴിയാൻ തീരുമാനിച്ച ഭെൽ ഇ.എം.എൽ 2017ൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മൂന്നുവർഷം കഴിഞ്ഞിട്ടും ഏറ്റെടുക്കൽ നടപടികൾ എങ്ങുമെത്താതെ ഉത്പാദനം മുടങ്ങി കമ്പനി തകർച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് യൂണിയൻ ഹൈക്കോടതിയെ സമീപിച്ചത്. 2010 വരെ സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കെൽ യൂണിറ്റാണ് 2011 മാർച്ച് 28 മുതൽ ഭെൽ ഇ.എം.എൽ ആയി മാറിയത്.12 ഏക്കർ സ്ഥലവും ഫാക്ടറിയും, മെഷിനറികളും, അനുബന്ധ ഉപകരണങ്ങളുമെല്ലാം കൂടി കേവലം 10.5 കോടി രൂപ മാത്രം വില കണക്കാക്കി 51 ശതമാനം ഓഹരികൾ ഭെല്ലിന് കൈമാറുകയായിരുന്നു. ഭെൽ ഇ.എം.എൽ കമ്പനിയിൽ സംസ്ഥാന സർക്കാരിന് 49 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നുവെങ്കിലും ചെയർമാനും മാനേജിംഗ് ഡയരക്ടറും ഒന്നൊഴികെ ഡയരക്ടർമാരും ഭെല്ലിന് തന്നെയായിരുന്നു.
ശമ്പളം ലഭിച്ചിട്ട് 19 മാസം
കൈമാറ്റം സംബന്ധിച്ച നടപടികൾ പൂർത്തിയാവാത്തതു കാരണം ജീവനക്കാർക്ക് കഴിഞ്ഞ 19 മാസമായി ശമ്പളം ലഭിച്ചിട്ടില്ല. രണ്ടു വർഷമായി പി.എഫ് വിഹിതം അടയ്ക്കാത്തതിനാൽ വിരമിക്കുന്ന ജീവനക്കാർക്ക് പെൻഷൻ പോലും ലഭിക്കുന്നില്ല. ശമ്പളത്തിനു വേണ്ടി ജീവനക്കാർ കഴിഞ്ഞ ഒരുവർഷമായി സമരത്തിലാണ്.