ന്യൂഡൽഹി: ‘ബലാത്സംഗത്തിന് ശേഷം ഉറങ്ങുന്നത് ഭാരതീയ സ്ത്രീക്ക് യോജിച്ച പ്രവൃത്തിയല്ലെന്ന’ വിചിത്ര നിരീക്ഷണം നടത്തിയ കർണാടക ഹൈക്കോടതി, ബലാത്സംഗക്കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.’ ആക്രമണത്തിന് ഇരയായ ശേഷം ക്ഷീണിച്ച് ഉറങ്ങിപ്പോയെന്നാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഭാരതീയ സ്ത്രീയ്ക്ക് പൊരുത്തപ്പെടാത്തതാണ് യുവതിയുടെ അവകാശവാദം. ബലാത്സംഗത്തിന് ശേഷം, പുരുഷനൊപ്പം ഭാരതീയ സ്ത്രീക്ക് ഉറങ്ങാൻ കഴിയില്ല.’ എന്നാണ് പ്രതി രാകേഷ് ബിയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനിടെ ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് നിരീക്ഷിച്ചത്.രണ്ടുവർഷമായി, ഇരുപത്തിയേഴുകാരനായ രാകേഷിന്റെ ഓഫീസിലെ ജീവനക്കാരിയാണ് പീഡനത്തിരയായ നാൽപത്തിരണ്ടുകാരി. വിവാഹവാഗ്ദാനം നൽകിയ രാകേഷ് ഒരു ദിവസം രാത്രി അയാളുടെ ഓഫീസിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തെന്നാണ് കർണാടക സ്വദേശിനിയുടെ പരാതി.എന്നാൽ രാത്രി പതിനൊന്ന് മണിക്ക് യുവതി എന്തിനാണ് പ്രതിയുടെ ഓഫീസിലെത്തിയതെന്നാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചത്.കുറ്റകൃത്യം നടന്ന ദിവസം ഇയാൾക്കൊപ്പം മദ്യപിക്കുന്നതിനെ യുവതി എതിർത്തില്ലെന്നും കോടതി നീരിക്ഷിച്ചു. ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.