തിരുവനന്തപുരം: പ്രവാസി വിഷയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. പ്രവാസികളെ സ്വീകരിക്കുമെന്ന് കൊട്ടിഘോഷിച്ച് പറഞ്ഞവർ ഇപ്പോൾ യൂ ടേൺ അടിച്ചു. നോർക്ക അഞ്ച് ലക്ഷം പേരെ തിരികെ കൊണ്ട് വരാൻ രജിസ്ട്രേഷൻ നടത്തി എന്നാണ് സർക്കാർ പറഞ്ഞത്. പ്രവാസികളുടെ ദുഃഖത്തിനും കണ്ണീരിനും കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും താന്തോന്നിത്തരവുമാണെന്നും മുല്ലപ്പളളി കുറ്റപ്പെടുത്തി.കൊവിഡ് കാലം നാടിന് ദുരിതമാണെങ്കിൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും കൊയ്ത്തുകാലമാണെന്നും മുല്ലപ്പളളി ആരോപിച്ചു. വിമാന കമ്പനികൾ പി.പി.ഇ കിറ്റിന്റെ ചിലവ് വഹിക്കണമെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. എന്നാൽ അതിന്റെ പേരിൽ തർക്കമുണ്ടാക്കി പ്രവാസികളുടെ മടങ്ങിവരവ് വൈകിപ്പിക്കരുതെന്നും മുല്ലപ്പളളി പറഞ്ഞു. നേരത്തെ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച മുല്ലപ്പള്ളിക്കെതിരെ മുഖ്യമന്ത്രിയും സി.പി.എമ്മും ശക്തമായ ഭാഷയിൽ തിരിച്ചടിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പ്രവാസി വിഷയത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് മുല്ലപ്പളളി രംഗത്തെത്തിയിരിക്കുന്നത്.