ന്യൂഡൽഹി: രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധന. 24 മണിക്കൂറിനിടെ 17,296 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായിട്ടാണ് ഒരു ദിവസം ഇത്രയധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്നലെ മാത്രം രാജ്യത്ത് 407 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15,301 ആയി.ഇന്ത്യയിൽ ആകെ 4,90,401 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,89,463 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 285637 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തെത്തിയിട്ടുണ്ട്. 6931 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്.73,780 പേർക്കാണ് ഡൽഹിയിൽ കൊവിഡ് ബാധിച്ചത്. 2429 മരണം റിപ്പോർട്ട് ചെയ്തു. 29,520 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 1753 മരണവും 70,977 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിൽ 911 പേർ മരണവുമാണ് റിപ്പോർട്ട് ചെയ്തത്.ഇതുവരെ 3726 പേർക്ക് കൊവിഡ് ബാധിച്ച കേരളത്തിൽ, 22 മരണമാണ് റിപ്പോർട്ട് ചെയ്തത്.