തിരുവനന്തപുരം: ഗതാഗത മേഖലയുടെ പ്രതിസന്ധി പരിഹരിക്കാൻ ബസ് ചാർജ് കൂട്ടാൻ ശുപാർശ. കൊവിഡ് കാലത്ത് ബസ് ചാർജ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇടക്കാല ശുപാർശ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് നൽകി. മിനിമം ചാർജിൽ സഞ്ചരിക്കാനുള്ള ദൂരം കുറയ്ക്കാനും നിർദേശമുണ്ട്.നിലവിൽ മിനിമം ചാര്‍ജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററാണ്. അത് 2.5 കിലോമീറ്ററായി കുറച്ച് ചാര്‍ജ് വര്‍ദ്ധനവ് കൊണ്ടുവരിക എന്നതാണ് ശുപാര്‍ശ.ഓർഡിനറി സർവീസുകൾക്ക് 30 ശതമാനവും, അതിനുമുകളിലുള്ളവയ്ക്ക് നാൽപതും, അതിനും മുകളിലുള്ളവയ്ക്ക് 50 ശതമാനവും നിരക്ക് കൂട്ടണമെന്ന നിദേശവും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
കൊവിഡ് മൂലം ഗതാഗത മേഖലയ്ക്കുണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം നികത്താൻ ഈ സമയത്തേക്ക് മാത്രമായാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. അതേസമയം അന്തിമ റിപ്പോർട്ട് ആയിട്ടില്ല. ഇന്നലെ രാത്രി ട്രാസ്പോർട്ട് സെക്രട്ടറിയ്ക്കാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാശ കൈമാറിയത്. വെള്ളിയാഴ്ച രാവിലെ ഗതാഗത മന്ത്രിയും, ഉന്നത ഉദ്യോഗസ്ഥരും ഇക്കാര്യം ചർച്ച ചെയ്യും. ശേഷം ഗതാഗത വകുപ്പ് ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറും.