ന്യൂഡൽഹി: വിദേശകാര്യമന്ത്രാലയം സംസ്ഥാനസർക്കാരിനെ അഭിനന്ദിച്ച് കത്തയച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പ്രായോഗിക നടപടി സ്വീകരിക്കണം എന്നാണ് കേന്ദ്രം പറഞ്ഞത്. കോംപ്ലിമെന്റ്, കൺഗ്രാജുലേഷൻസ് എന്നീ രണ്ട് വാക്കുകളുടെയും അർത്ഥം രണ്ടാണ്. സംസ്ഥാന സർക്കാർ 24ന് അയച്ച കത്ത് പൂഴ്ത്തിവച്ചു. കൊവിഡ് നെഗറ്റീവ് ആയവരെ ആദ്യം കൊണ്ടുവരണമെന്നായിരുന്നു ആ കത്തിലെ ഉള്ളടക്കം. ശേഷം 25ന് അയച്ച കത്ത് അഭിന്ദനമാണെന്ന് പറഞ്ഞ് പുറത്തുവിടുകയാണ് സർക്കാർ ചെയ്തതെന്നും വി.മുരളീധരൻ പറഞ്ഞു. ഇതിന് പിന്നിൽ നടക്കുന്നത് പി.ആർ വർക്കാണെന്നും അദ്ദേഹം ആരോപിച്ചു.ഹരിയാനയേയും ഒഡീഷയേയും ഒക്കെ അഭിനന്ദിച്ച് കേന്ദ്രം കത്തയച്ചിട്ടുണ്ട്. പക്ഷെ അവരാരും അത് പി.ആർ വർക്കിനായി ഉപയോഗിച്ചില്ല. പി.ആർ വർക്കിലൂടെ കൊവിഡിനെ പ്രതിരോധിക്കാൻ കഴിയില്ല. അതിനു വേണ്ടി മുടക്കുന്ന പണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. കേന്ദ്രം അയച്ച കത്തിൽ ഔപചാരിക മര്യാദ മാത്രമാണുള്ളത്. കത്തിലെ വാക്കുകളുടെ അർത്ഥം മലയാളിക്ക് അറിയാം. മലയാളികളെ പരിഹസിക്കുകയാണ് സംസ്ഥാനം ചെയ്യുന്നതെന്നും മുരളീധരൻ ആരോപിച്ചു.സംസ്ഥാനത്തെ കൊവിഡ് പരിശോധന വളരെ കുറവാണ്. ദേശിയ തലത്തിൽ പരിശോധനയുടെ അളവിൽ കേരളം നിൽക്കുന്നത് ഇരുപത്തിയെട്ടാം സ്ഥാനത്താണ്. ഐ.സി.എം.ആറിന്റെയും ലോകാരോഗ്യ സംഘടനയുടെയും മാർഗനിർദേശം കൂടുതൽ പരിശോധന നടത്തണമെന്നതാണ്. തനിക്ക് വ്യക്തതയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താൻ വിദേശകാര്യ സഹമന്ത്രിയാണെന്നും മുരളീധരൻ പറഞ്ഞു.താൻ ഉന്നയിച്ച ആറ് കാര്യങ്ങളിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. ഇംഗ്ലീഷ് മനസിലാക്കുന്ന ആളുകളെ പി.ആർ വർക്കിന് വയ്ക്കണം. കേരളത്തിന് വേണ്ടി മാത്രമായി പ്രത്യേകമായി ഒരു നിബന്ധനയും കേന്ദ്രത്തിന് നടപ്പിലാക്കാനാകില്ല. ആരോഗ്യമന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രോട്ടോക്കോളാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.