ബംഗളൂരു: കാസര്‍കോട്ടെ വനിത ഹോസ്റ്റലില്‍ പാചകക്കാരിയായിരുന്ന 25കാരിയെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസില്‍ ‘സീരിയല്‍ കില്ലര്‍’ സയനൈഡ് മോഹന്‍ (57) ജീവപര്യന്തം കഠിനതടവും 45,000 രൂപ പിഴയും വിധിച്ചു. മംഗളൂരു അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി സെയ്ദുന്നിസയാണ് ശിക്ഷ വിധിച്ചത്.
2009 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും വിവാഹവാഗ്ദാനം നല്കി വീട് സന്ദര്‍ശിച്ച് വിശ്വാസ്യത നേടിയെടുത്തതിനുശേഷം ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ഒരു ലോഡ്ജ് മുറിയില്‍ താമസിച്ച് യുവതിയുടെ ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം ശേഷം സയനൈഡ് നല്കി കൊലപ്പെടുത്തുകയും ചെയ്തെന്ന കേസില്‍ മോഹന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗര്‍ഭനിരോധന ഗുളികയെന്ന് പറഞ്ഞ് മോഹന്‍ സയനൈഡ് കലര്‍ത്തിയ ഗുളിക യുവതിക്ക് നല്‍കുകയായിരുന്നു.
2003 മുതല്‍ 2009വരെയുള്ള കാലയവളവില്‍ 20 സ്ത്രീകളെയാണ് മോഹനന് കൊലപ്പെടുത്തിയത്. മോഹനെതിരെയുള്ള 20ാമത്തെതും അവസാനത്തേയുമായ കൊലപാതകക്കേസാണിത്. മറ്റു കേസുകളിലെല്ലാം ശിക്ഷ വിധിച്ചിരുന്നു. സമാനമായ അഞ്ചു കേസുകളില്‍ വധശിക്ഷയും മൂന്നു കേസുകളില്‍ ജീവപര്യന്തവും കോടതി വിധിച്ചിരുന്നു. വധശിക്ഷയില്‍ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമായി കുറച്ചു.