തിരുവനന്തപുരം> ഇന്ന് ഉച്ചവരെ വിദേശത്ത് നിന്ന് തിരിച്ചെത്തിയത് 98202 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 96581 പേര്(98.35ശതമാനം) വിമാനത്തിലും മറ്റുള്ളവര്‍ കപ്പലിലും എത്തി. 34726 പേര് കൊച്ചിയിലും 31896 പേര് കരിപ്പൂരിലും വിമാനമിറങ്ങി. ഇവിടെ യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ആവശ്യാനുസരണം സജ്ജീകരിച്ചു.
താജ്ക്കിസ്ഥാനില് നിന്നെത്തിയവരില്‍ 18.15 ശതമാനം, റഷ്യയില്‍ നിന്നെത്തിയവരില്‍ 15 ശതമാനം, നൈജീരിയയില്‍ നിന്നെത്തിയവരില്‍ ആറ് ശതമാനം, യുഎഇയില്‍ നിന്നെത്തിയവരില്‍ 1.6 ശതമാനം, ഖത്തറില്‍ നിന്നെത്തിയ 1.56 ശതമാനം, ഒമാനില്‍ നിന്നെത്തിയ 0.77 ശതമാനം എന്നിങ്ങനെ കൊവിഡ് കണ്ടെത്തി.
ഇന്നലെ 72 വിമാനങ്ങള്‍ വിദേശത്ത് നിന്നെത്തി. നാളെ മുതല്‍ ദിവസം 40-50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിലും കോഴിക്കോടുമാണ് കൂടുതല്‍ വിമാനങ്ങള്‍. എല്ലാ വിമാനത്താവളങ്ങളിലും വിപുലമായ സൗകര്യമൊരുക്കി. ആന്റിബോഡി കിറ്റ് എല്ലായിടത്തും എത്തിച്ചു. വിമാനത്താവളത്തില്‍ പ്രത്യേക ബൂത്തൊരുക്കി. ചുമതല വഹിക്കുന്നവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്കി.
വിമാനം വന്നപ്പോള്‍ എല്ലാ കാര്യവും സുഗമമായി കൈകാര്യം ചെയ്തു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ പ്ലാന്‍ എ,ബി,സി തയ്യാറാക്കി. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാണ് ഇത്. പ്ലാന്‍ എ പ്രകാരം രോഗികളുടെ ചികിത്സയ്ക്ക് 14 ജില്ലകളില്‍ 29 കൊവിഡ് ആശുപത്രികളും അവയോട് ചേര്‍ന്ന് 29 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററും ആരംഭിച്ചു. 29 കൊവിഡ് ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്ക് മാത്രമായി 8537 കിടക്ക, 872 ഐസിയു കിടക്ക, 482 വെന്റിലേറ്റര്‍ എന്നിവ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു