കൊച്ചി: അനധികൃത സ്വത്ത് സമ്പാദന വുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ നിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്ത കളമശ്ശേരി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി.എ സക്കീർ ഹുസൈൻ സസ്പെൻഷന്റെ ചൂടാറും മുമ്പുതന്നെ പാർട്ടി പരിപാടിയിൽ പങ്കെടുത്തു. ഇന്ധനവില വർദ്ധനക്കെതിരെ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കളമശ്ശേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് സക്കീർഹുസൈൻ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തത്. പാർട്ടി സംസ്ഥാന സമിതി അംഗം കെ ചന്ദ്രൻപിള്ളയും പരിപാടിയിൽ പങ്കെടുത്തിരുന്നു.ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് സക്കീറിനെതിരെ നടപടി എടുത്തത്. സക്കീർ ഹുസൈനെ സെക്രട്ടേറിയറ്റ് യോഗത്തിൽ വിളിച്ചുവരുത്തി പറയാനുള്ളത് കേട്ട ശേഷമായിരുന്നു നടപടി. എന്നാൽ ഇതുസംബന്ധിച്ച് പാർട്ടി ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയിട്ടില്ല. നടപടി പാർട്ടി ഏരിയാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യാനിരിക്കുകയാണ്.