തിരുവനന്തപുരം: ബാലാവകാശ കമ്മിഷൻ ചെയർമാനായുള്ള തന്റെ നിയമനത്തിൽ യോഗ്യത തീരുമാനിക്കേണ്ടവർ തീരുമാനിച്ചിട്ടുണ്ടെന്ന് എം.മനോജ് കുമാർ. മുഖ്യമന്ത്രിയുമായുള്ള ബന്ധം കൊണ്ടല്ല ചെയർമാനായി നിയമിച്ചത്. ചുമതല നൽകിയവർക്ക് താൻ ജോലി ചെയ്യുമെന്ന ബോദ്ധ്യമുണ്ട്. ബാലാവകാശ രംഗത്തെ മുൻപരിചയത്തെ കുറിച്ച് പ്രതികരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ അംഗമായി പ്രവർത്തിച്ചതിന്റെ മുൻപരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബാലാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് മനോജ് കുമാർ പരമയോഗ്യനാണെന്നായിരുന്നു ഇന്നലത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. മനോജ് പരമയോഗ്യനായ ആളാണ്, നല്ലരീതിയിൽ കാര്യങ്ങൾ നിർവ്വഹിക്കാൻ പറ്റും, നല്ല ചുറുചുറുക്കുള്ള ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് സി.പി.എം നോമിനി കെ.വി മനോജ് കുമാറിനെ നിയമിച്ച നടപടി വലിയ വിവാദമായിരുന്നു. ജില്ലാ ജഡ്ജിമാരെ അടക്കം മറികടന്നാണ് തലശേരിയിലെ മുൻ പി.ടി.എ അംഗത്തെ സർക്കാർ നിയമിച്ചത്. പി.ടി.എ പ്രവർത്തനമാണ് പ്രധാന യോഗ്യതയായി മനോജ് കുമാർ സാമൂഹ്യനീതി വകുപ്പിനെ അറിയിച്ചത്.