സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ വിദ്യാർത്ഥികളുടെ തീരുമാനത്തിന് വിട്ടു
ജൂലൈ ഒന്ന് മുതൽ 12 വരെ പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം
ന്യൂഡൽഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ നിലപാടറിയിച്ചു. അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന കാര്യം വിദ്യാർത്ഥികൾക്ക് തീരുമാനിക്കാം. പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചാൽ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാർക്ക് പൊതുപരീക്ഷയ്ക്ക് നൽകുമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതണമെന്നാണ് വിദ്യാർത്ഥികളുടെ താത്പര്യമെങ്കിൽ, സാഹചര്യം അനുകൂലമാവുമ്പോൾ പരീക്ഷകൾ നടത്തുമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. മഹാരാഷ്ട്ര, ദില്ലി, ഒഡീഷ സംസ്ഥാനങ്ങൾ പരീക്ഷ നടത്താനാവില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നു. ജൂലൈ ഒന്ന് മുതൽ 12 വരെ പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം മാറ്റിയത്.
പരീക്ഷ ഉപേക്ഷിച്ച് ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. കേന്ദ്രസർക്കാരിനോട് ഇന്ന് നിലപാട് അറിയിക്കണമെന്ന് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. പരീക്ഷ നടത്തിപ്പ് പ്രായോഗികമല്ലെന്നാണ് സിബിഎസ്ഇയും വിലയിരുത്തിയത്. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനുള്ള സാഹചര്യമില്ലെന്നും സിബിഎസ്ഇ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. പരീക്ഷ റദ്ദാക്കുകയാണെങ്കിൽ ഇതുവരെയുള്ള പരീക്ഷയുടെ ശരാശരി മാർക്ക് അവസാന മാർക്കിന് കണക്കാക്കുക എന്നതടക്കം വിവിധ നിർദ്ദേശങ്ങൾ പരിഗണനയിലുണ്ടെന്നാണ് സൂചന.