കൊറോണ സാഹചര്യത്തില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങിയതിനു പകരമായി ദീര്‍ഘ ദൂരത്തെ കണക്ട് ചെയ്ത് റിലേ സര്‍വീസുകള്‍ തുടങ്ങാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. നിലവില്‍ സമീപ ജില്ലകളിലേക്ക് ഓര്‍ഡിനറി മാത്രമാണ് സര്‍വീസ്. ഇതിനു പരിഹാരം കാണാനാണ് സൂപ്പര്‍ ഫാസ്റ്റുകളുമായി റിലേ സര്‍വീസുകള്‍ ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കു പോകേണ്ട യാത്രക്കാരന് നിലവില്‍ ഓര്‍ഡിനറി ബസില്‍ ആലപ്പുഴയിലോ കൊല്ലത്തോ ഇറങ്ങി അടുത്ത ഓര്‍ഡിനറിയില്‍ പോകണം.
റിലേ പദ്ധതി വരുമ്ബോള്‍ തിരുവനന്തപുരത്ത് സൂപ്പര്‍ ഫാസ്റ്റില്‍ എറണാകുളം ടിക്കറ്റ് തന്നെ ലഭിക്കും. സമീപ ജില്ലയില്‍ ഈ ബസ് എത്തുന്ന സമയം തന്നെ അതിലെ യാത്രക്കാരുമായി എറണാകുളത്തേക്കു പോകാന്‍ ആ ഡിപ്പോയില്‍ നിന്നു സൂപ്പര്‍ ഫാസ്റ്റ് കാത്തു നില്ക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്. അടുത്തയാഴ്ച റിലേ സര്‍വീസുകള്‍ ആരംഭിക്കും.
കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനു കെഎസ്ആര്‍ടിസിയില്‍ ബസ് ഓണ്‍ ഡിമാന്‍ഡ് എന്ന പുതിയ സര്‍വീസ് രീതി തുടങ്ങി. ആദ്യടിക്കറ്റ് മന്ത്രി എ.കെ.ശശീന്ദ്രന് വിതരണം ചെയ്തു. എംഡി ബിജു പ്രഭാകര്‍ അധ്യക്ഷനായിരുന്നു. തിരുവനന്തപുരത്തു തുടങ്ങിയ പദ്ധതി കൊച്ചി, കോഴിക്കോട് ഡിപ്പോകളില്‍ തുടര്‍ന്നു നടപ്പാക്കും. ഇരുചക്ര വാഹനത്തില്‍ സ്ഥിരമായി ഓഫിസുകളിലേക്കു പോകുന്നവര്‍ക്കു പ്രയോജനപ്പെടുന്ന തരത്തിലാണു പദ്ധതി.
തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര, നെടുമങ്ങാട് ഡിപ്പോകളില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യം സര്‍വീസ് നടത്തുക. ഇതിനായി സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ എല്ലാ ഓഫിസുകളില്‍ നിന്നും പതിവായി വരുന്നവരുടെ കണക്കെടുപ്പു നടത്തും. ഇവര്‍ക്കു ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ അതതു സ്റ്റാന്‍ഡുകളില്‍ സ്ഥലം നല്‍കും.
പ്രീപെയ്ഡ് കാര്‍ഡാണ് യാത്രക്കാര്‍ക്കു നല്‍കുന്നത്. പാര്‍ക്കിങ്ങിനും ദിവസവും അങ്ങോട്ടും ഇങ്ങോട്ടും യാത്രയ്ക്കും തുക നിശ്ചയിക്കും. പാര്‍ക്കിങ് സൗജന്യമാക്കുന്നതും ആലോചിക്കുന്നു. ബസിന് ഇടയ്ക്കു സ്റ്റോപ്പുണ്ടാവില്ല. 5,10,15, 20, 25 ദിവസങ്ങള്‍ക്ക് നിശ്ചിത തുക എന്ന രീതിയില്‍ താരിഫ് കാര്‍ഡ് ഇറക്കും.