ഷംനാ കാസിം കേസിലും അന്വേഷണം നീളുന്നത് കാസർകോട്ടേക്ക് ,നടിയ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസ് ;
അറസ്റ്റിലായ പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ചത് കാസര്‍കോട് സ്വദേശിയുടെ ഫോട്ടോ
എറണാകുളം: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഈ കേസില്‍ അറസ്റ്റിലായവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ തട്ടിപ്പുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്നും ചിലർ കാസര്കോട്ടുകാരുമാണെന്നും സൂചന കിട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഉടൻ കാസര്‍കോട്ടെത്തും.
തൃശൂര്‍ സ്വദേശികളായറഫീഖ്, ശരത്, അഷറഫ്, രമേശ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് പ്രതികള്‍ ജൂണ്‍ മൂന്നിനാണ് ഷംനയുടെ മരടിലുള്ള വീട്ടിലെത്തിയത്.അതിന് ഒരാഴ്ച മുമ്പ് കോഴിക്കോട് നിന്ന് വിവാഹാലോചന നടത്തുന്നയാളുടെ പിതാവാണെന്ന് പറഞ്ഞ് ഒരാള്‍ വിവാഹക്കാര്യം സൂചിപ്പിച്ചിരുന്നു. മൂന്നിന് വൈകിട്ട് നാലുമണിയോടെ യുവാവിനെയും മാതാവിനെയും കൂട്ടി വരാമെന്ന് അറിയിച്ചാണ് ഇയാള്‍ തിരിച്ചുപോയത്. എന്നാല്‍ അന്ന് രാവിലെ യുവാവും മാതാപിതാക്കളും ഇല്ലാതെ ആറുപേര്‍ ഷംനയുടെ വീട്ടിലെത്തി. യുവാവും മ ാതാപിതാക്കളും അടുത്ത ബന്ധുവിന്റെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ വരാന്‍ കഴിഞ്ഞില്ലെന്നായിരുന്നു ഇവരുടെ വിശദീകരണം. ഇത് ഷംനയുടെ വീട്ടുകാരില്‍ സംശയത്തിന് കാരണമായി. തിരിച്ചുപോകും മുമ്പ് പ്രതികള്‍ ഷംനയുടെ വീടും പരിസരവും മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒരാള്‍ ഷംനയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ഒരുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഷംനയുടെ മാതാവ് നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ പ്രതികളെക്കുറിച്ച് സൂചന ലഭിക്കുകയും മൂന്നുപേര്‍ പിടിയിലാകുകയുമായിരുന്നു.
കേസിലെ മുഖ്യപ്രതിയായ റഫീഖാണ് യുവാവിന്റെ പിതാവെന്ന വ്യാജേന ഷംന കാസിമിനെ ഫോണില്‍ വിളിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആള്‍മാറാട്ടത്തിനും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനുമാണ് കേസ്. ഷംനയെ വിവാഹം കഴിക്കാന്‍ പോകുന്ന ആള് എന്നുപറഞ്ഞ് പ്രതികള്‍ കാണിച്ച ഫോട്ടോ കാസര്‍കോട് സ്വദേശിയുടേതാണെന്നാണ് വിവരം. ഈ യുവാവ് ഒരു ടിക് ടോക് താരമാണെന്നും സൂചനയുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കാസര്‍കോട് സ്വദേശിയുടെ മൊഴിയെടുക്കും.