പാലക്കാട്: മാതാവ് ഏഴ് വയസ്സുള്ള മകനെ കുത്തിക്കൊന്ന ശേഷം ഇളയ കുട്ടിയെ വലിച്ചെറിഞ്ഞു. മണ്ണാര്‍ക്കാട് ഭീമനാട് ആണ് നാടിനെ നടുക്കിയ സംഭവം. യുവതിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് സ്ഥിരീകരണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. മകനെ കുത്തിക്കൊന്ന ശേഷം ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞിനെ യുവതി വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞാണ് സൂചന. വീഴ്ചയില്‍ കുഞ്ഞിന് സാരമായ പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ഏഴ് വയസ്സുകാരനായ മുഹമ്മദ് ഇര്ഫാന് അമ്മയുടെ കുത്തേറ്റ് മരിച്ചത്. ഇര്‍ഫാനെ കൂടാതെ ഒമ്ബത് മാസം പ്രായമുള്ള ഒരു പെണ്‍കുട്ടി കൂടി ഇവര്‍ക്കുണ്ട്. ഈ കുട്ടി വീടിന്റെ മുന്‍വശത്ത് കിടന്ന് കരയുന്നത് കേട്ടാണ് അയല്‍ക്കാര്‍ ഓടിയെത്തുന്നത്. തുടര്‍ന്ന് വീടിനകത്ത് പരിശോധിച്ചപ്പോള്‍ ഇര്‍ഫാനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരും പൊലീസും എത്തിയപ്പോള്‍ ഇവര്‍ വീടിന്റെ വരാന്തയില്‍ തന്നെയുണ്ടായിരുന്നു.
എന്നാല്‍ മകന് കൊല്ലപ്പെട്ടെന്നോ മകള്‍ക്ക് പരിക്ക് പറ്റിയെന്നതോ യുവതി അറിഞ്ഞിരുന്നില്ല. യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് അവര്‍ വീട്ടിലുണ്ടായിരുന്നത്. യുവതിയുടെ ഭര്‍ത്താവ് ജോലിയുമായി ബന്ധപ്പെട്ട് ആലുവയിലാണുള്ളത്. വിവരമറിഞ്ഞ് ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി അടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.