കണ്ണൂര്‍ > കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ മരണം വിവാദമായതിനു പിന്നാലെ, കോണ്‍ഗ്രസ് നേതാവായിരുന്ന കെ കെ മോഹനന്റെ മരണത്തിലും ദുരൂഹത. അസ്വാഭാവിക മരണത്തിന് കേസെടുത്ത കണ്ണൂര്‍ ടൗണ്‍ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മലായി രാധാകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു.
മുന്‍ ഡിസിസി അംഗവും കണ്ണൂര്‍ ബ്ലോക്ക് അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്മെന്റ് കോ–- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ മോഹനനെ മെയ് 20നാണ് കണ്ണൂര്‍ തളാപ്പിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. കെ സുരേന്ദ്രന്റെ മരണത്തില്‍ ആരോപണം ഉന്നയിച്ച കെപിസിസി അംഗം കെ പ്രമോദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
സംഭവ ദിവസം രാവിലെ 9.30ന്, സൊസൈറ്റിയിലെ അറ്റന്‍ഡറായ രാജേഷിനെ ഫോണില്‍ വിളിച്ച് അടിയന്തരമായി എത്തണമെന്ന് മോഹനന് ആവശ്യപ്പെട്ടിരുന്നു. 10.30ന് രാജേഷ് വീട്ടില്‍ എത്തിയപ്പോഴേക്കും മോഹനനെ മരിച്ചനിലയിലാണ് കണ്ടത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മലായി രാധാകൃഷ്ണന് മോഹനനെ തലേദിവസം മര്‍ദിച്ചതായും നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. രാധാകൃഷ്ണന് മുമ്ബ് കെ സുധാകരന് എംപിയുടെ അടുത്ത അനുയായിയായിരുന്നു. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.