കാസര്‍കോട്: ഫിഷിങ്ങ് ഹാര്‍ബര്‍ റോഡില്‍ നഗരസഭ സ്ഥാപിച്ച സോളാര്‍ ഹൈമാക്സ് ബാറ്ററികള്‍ കവര്‍ന്ന കേസില്‍ രണ്ട് പേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. പാറക്കട്ട ഗ്യാസ് ഗോഡൗണിന് സമീപത്തെ മന്‍സൂര്‍ അലി(30), തളങ്കര ബാങ്കോട് താമസിക്കുന്ന എം.എ.മുസ്തഫ (39) എന്നിവരെയാണ് ഇന്നലെ കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. വി.പി.വിപിന്‍, എ.എസ്.ഐ ഇ. ഉമേഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം19 ന് വൈകിട്ട് അഞ്ചിന് മുമ്പുള്ള സമയത്താണ് ബാറ്ററികള്‍ കവര്‍ന്നത്. ഇവര്‍ കവര്‍ന്ന ബാറ്ററികള്‍ കണ്ടെത്തി. കാസര്‍കോട് നഗരസഭ സെക്രട്ടറി പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു വരുന്നതിനിടെയാണ് രണ്ട് പ്രതികള്‍ പിടിയിലാവുന്നത്. ആള്‍ട്ടോ കാറില്‍ എത്തിയ സംഘമാണ് ബാറ്ററികള്‍ കവര്‍ന്നതെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഒരു ബാറ്ററിക്ക് 10000ത്തിലേറെ വില വരും.