കാസര്‍കോട്: പഴയ ചൂരിയിലെ മദ്രാസാ അധ്യാപകന് കര്‍ണാടക കുടക് സ്വദേശിയായ റിയാസ് മൗലവി കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ മൂന്നാം പ്രതി കേളുഗുഡ്ഡെയിലെ അഖിലേഷ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. പ്രതിയുടെ ജാമ്യഅപേക്ഷ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ : എം അശോകനും അഡ്വ :എ പി സജിത്തും എതിർത്തതിനെ തുടർന്നാണ് ജാമ്യഅപേക്ഷ തള്ളിയത് .പ്രതിക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു .
2017 മാര്‍ച്ച് 21നാണ് റിയാസ് മൗലവിയെ പള്ളിയോട് ചേര്‍ന്നുള്ള താമസസ്ഥലത്ത് അതിക്രമിച്ചുകയറിയ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്. അജേഷ് എന്ന അപ്പു (20), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിന് (19), മൂന്നാം പ്രതി കേളുഗുഡെ ഗംഗയിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. കേസിൽ 90 ദിവസത്തിന് മുമ്പ് 1000 പേജുള്ള കുറ്റപ്പത്രം സമർപ്പിച്ചത്. തളിപ്പറമ്പ് സിഐയും കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുമായിരുന്ന പി.കെ സുധാകരനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നേരത്തെ പ്രതികൾ ജില്ലാ കോടതിയിലും രണ്ടു തവണ ഹൈക്കോടതിയിലും സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു.