കോവിഡ് കാലത്ത് ഇതും ഒരു മാതൃക ,സമഗ്ര ശിക്ഷ കേരളത്തിന്റെ ഓൺലൈൻ
ഒന്നാംതരം പിറക്കുന്നത് കാസർകോട് ജില്ലയിലെ ചെറുവത്തൂരിൽ ,
ചെറുവത്തൂർ:ഓൺലൈൻ ക്ലാസുകളിലെ ഒന്നാംതരം പിറക്കുന്നത് കാസർകോട് ജില്ലയിൽ. ചന്തേര ഇസത്തുൽ ഇസ്ലാം എഎൽ പി സ്കൂളിൽ ഒരുക്കിയ സ്റ്റുഡിയോയിലാണ് ഓൺലൈൻ ക്ലാസുകളുടെ ചിത്രീകരണം പുരോഗമിക്കുന്നത്.സമഗ്ര ശിക്ഷ കേരളമാണ് ഒരുക്കുന്നത്. ആദ്യ രണ്ടാഴ്ചകളിൽ സംപ്രേഷണം ചെയ്തത് കുട്ടികളെ പഠനത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളായിരുന്നു. പലയിടങ്ങളിൽ നിന്നായാണ് ആ ക്ലാസുകൾ ചിത്രീകരിച്ചത്. എന്നാൽ ഇനിയങ്ങോട്ട് ജില്ലയിൽ നിന്നാണ്. വടകര മുതുവടത്തൂർ എഎൽപി സ്കൂൾ അധ്യാപിക സായിശ്വേത മലയാളം ക്ലാസുമായും ചന്തേര ഐഐഎഎൽപി സ്കൂൾ അധ്യാപകൻ വിനയൻ പിലിക്കോട് കണക്കുമായും അടുത്ത രണ്ടാഴ്ചകളിൽ കുട്ടികൾക്കു മുന്നിലെത്തും. നോർത്ത് തൃക്കരിപ്പൂർ എഎൽപി സ്കൂൾ അധ്യാപിക പി സി സിന്ധു, വലിയ പറമ്പ് എഎൽപി സ്കൂൾ അധ്യാപിക റീന എന്നിവരും ആദ്യഘട്ടത്തിൽ ക്ലാസ് കൈകാര്യം ചെയ്തു.
എസ്എസ്കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അമൂൽ റോയിക്കാണ് മുഖ്യചുമതല. ബിആർസി പരിശീലകനായ അനൂപ് കല്ലത്താണ് എപ്പിസോഡ് ഡയരക്ടർ. ആശയങ്ങൾ കൃത്യമായി കുട്ടികളിലേക്കെത്തിക്കാൻ വിദഗ്ധരായ അധ്യാപകരുടെ സംഘവുമുണ്ട്. പാഠഭാഗങ്ങൾ തയ്യാറാക്കുന്നത് ഹൊസ്ദുർഗ് ബിപിസി പി വി ഉണ്ണിരാജൻ, കുമ്പള ജിഎഫ്എൽപിഎസ് അധ്യാപകൻ അനിൽ നടക്കാവ് എന്നിവരാണ്. ഉഭേഷ് ചീമേനിയാണ് ക്യാമറയും എഡിറ്റിങ്ങും. സഹായിയായി രാഹുൽ കൃഷ്ണയും. എസ്എസ്കെ ജില്ലാ പ്രൊജക്ട് കോഡിനേറ്റർ പി രവീന്ദ്രൻ, ചെറുവത്തൂർ ബിപിസി വി എസ് ബിജുരാജ്, ഡയറ്റ് ഫാക്കൽറ്റി വിനോദ് കുമാർ കുട്ടമത്ത്, സി എം മീനാകുമാരി, പി വേണുഗോപാലൻ, പ്രീത രാമചന്ദ്രൻ എന്നിവരും നേതൃത്വം നൽകുന്നു. പ്രമോദ് അടുത്തില, പ്രകാശൻ പയ്യന്നൂർ എന്നിവരാണ് ചിത്രങ്ങളും മറ്റും തയ്യാറാക്കുന്നത്.