അഞ്ചുലക്ഷം രൂപ പിൻവലിച്ചതിന്റെയും പണം തിരിച്ചടച്ചതിന്റെയും രസീതുകൾ കണ്ടെത്തി
പ്രളയഫണ്ട് തട്ടിയത് ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയുടെ സഹായത്തോടെ, സി.പി.എം നേതാവിന്റെ കള്ളിവെളിച്ചത്ത് കൊണ്ടുവന്നത് മനേജർക്ക് തോന്നിയ ചെറിയൊരു സംശയം
കൊച്ചി: പ്രളയഫണ്ട് തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗമായ എം.എം അൻവറിനെ തെളിവെടുപ്പിനായി അയ്യനാട് സഹകരണബാങ്കിൽ എത്തിച്ചു. ഇപ്പോൾ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. അഞ്ചുലക്ഷം രൂപ പിൻവലിച്ചതിന്റെയും പണം തിരിച്ചടച്ചതിന്റെയും രസീതുകളാണ് അന്വേഷണസംഘം ബാങ്കിൽ നിന്ന് പിടിച്ചെടുത്തത്.ദുരിതാശ്വസ ഫണ്ടിൽ നിന്നും കുടുതൽ പണം തട്ടിയെടുത്തിട്ടുണ്ടോ എന്നറിയാനും, തട്ടിയെടുത്ത പണം എവിടെയാണെന്ന് അറിയുന്നതിനും ഇയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.സി.പി.എം നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്ക് വഴിയാണ് അൻവർ പത്ത് ലക്ഷത്തിഅമ്പതിനാലായിരം രൂപ തട്ടാൻ ശ്രമിച്ചത്.
അയ്യനാട് സഹകരണ ബാങ്കിന്റെ അക്കൗണ്ട് വഴിയാണ് പ്രതി പണം തട്ടിയെടുത്തത്. ബാങ്ക് ഡയറക്ടറായ ഭാര്യയാണ് പണം പിൻവലിക്കാൻ അൻവറിനെ സഹായിച്ചത്. ഇൗവർഷം നവംബർ 28 നാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും കളക്ട്രേറ്റിലെ ക്ലർക്കുമായ വിഷണു പ്രസാദ് അഞ്ച് ലക്ഷം രൂപ അൻവറിന്റെ അക്കൗണ്ടിൽ ഇട്ടത്.പിന്നീട് വീണ്ടും ദുരിതാശ്വാസ നിധിയിൽ നിന്ന് പണം വന്നതോടെ ബാങ്ക് മനേജർക്ക് സംശയമായി. ഇൗ സംശയമാണ് വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. തട്ടിപ്പ് പുറത്തായെന്ന് വ്യക്തമായതോടെ അൻവർ കളക്ടറെ കണ്ട് പണം കൈമാറി കേസ് ഒതുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അൻവർ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി അൻവറിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.