മുംബൈ : ഭാര്യയുടെ ചിതയിൽ ചാടി ഭർത്താവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ ഭാനഗരം തലോദി ഗ്രാമത്തിലാണ് സംഭവം. കിഷോർ ഖാതിക് എന്നയാളാണ് ബന്ധുക്കളും നാട്ടുകാരും നോക്കിനിൽക്കെ ഭാര്യയുടെ ചിതയിൽ ചാടി ജീവനൊടുക്കിയത്.ഗർഭിണിയായ ഭാര്യ രുചിതയുടെ മരണം കിഷോറിന് സഹിക്കാനായില്ല. ഭാര്യയുടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോൾ കിഷോറിൽ സങ്കടം അഗ്നിനാളങ്ങളായി. എരിയുന്ന ചിതയിൽ കിഷോർ എടുത്തു ചാടി. കണ്ട് നിന്നവർ കിഷോറിനെ ചിതയിൽ നിന്ന് കുത്തി താഴേയിട്ടു. ദേഹമാസകലം പൊള്ളലേറ്റ കിഷോർ തൊട്ടടുത്തുള്ള കിണറ്റിൽ ചാടി. ബന്ധുക്കളും മറ്റും ചേർന്ന് ഉടൻ കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാർച്ച് 19നായിരുന്നു കിഷോറിൻെറയും രുചിതയുടെയും വിവാഹം നടന്നത്. വിവാഹബന്ധങ്ങൾക്ക് ഒരു വിലയും കല്പിക്കാത്ത ഇക്കാലത്ത് സ്നേഹത്തിന്റെ അടർത്തിക്കളയാനാവാത്ത ബന്ധങ്ങളുടെ കണ്ണികളായി ഇവർ മാറുകയായിരുന്നു.