ന്യൂഡല്‍ഹി: കോവിഡിന് മരുന്നുമായി വിവാദ യോഗാ ഗുരു ബാബാ രാംദേവ്. ഏഴു ദിവസം കൊണ്ട് കോവിഡ് രോഗം ഭേദപ്പെടുത്തുമെന്ന അവകാശവാദവുമായി രാംദേവിന്റെ പതഞ്ജലി, ആയുര്‍വേദ മരുന്ന് പുറത്തിറക്കി. രോഗികളില്‍ മരുന്നിന്റെ പരീക്ഷണം 100 ശതമാനം വിജയമായിരുന്നെന്ന് പതഞ്ജലി അവകാശപ്പെട്ടു.
രാജ്യത്തുടനീളം 280 രോഗികളിലാണ് മരുന്ന് പരീക്ഷച്ചതെന്ന് ഹരിദ്വാറിലെ പതഞ്ജലിയുടെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാപകന്‍ രാംദേവ് പറഞ്ഞു. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന് പേര്. മരുന്ന് കഴിച്ച രോഗികളില്‍ 69 ശതമാനവും മൂന്ന് ദിവസംകൊണ്ട് സുഖപ്പെട്ടു. ഒരാഴ്ചകൊണ്ട് 100 ശതമാനം രോഗവുമുക്തി നേടാമെന്നും അദ്ദേഹം അറിയിച്ചു.
ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയൂര്‍വേദിക്സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം. ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജെയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് കമ്ബനി അവകാശപ്പെടുന്നു.