ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന് പിന്മാറാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയായി. കമാൻഡർതല ചർച്ചയിലാണ് അതിർത്തിയിൽ നിന്ന് പിന്മാറാനുള്ള ധാരണയായത്. സൈനിക പിന്മാറ്റത്തിനുള്ള നടപടിക്രമങ്ങൾ അതിർത്തിയിൽ ആരംഭിച്ചു.കോർ കമാൻഡർ തലത്തിലുള്ള ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ചൈനീസ് മേഖലയായ മോൾഡോയിലാണ് ചർച്ച നടന്നത്. കിഴക്കൻ ലഡാക്കിലെ എല്ലാ സംഘർഷ മേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിപ്പിക്കാനുള്ള ധാരണയുമായി ചർച്ച മുന്നോട്ടു കൊണ്ടുപോകുമെന്നും സൈന്യം വ്യക്തമാക്കി.ഇതു രണ്ടാം തവണയാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ കമാൻഡർ റാങ്കിലുള്ളവർ ചർച്ച നടത്തുന്നത്. ജൂൺ ആറിനായിരുന്നു ആദ്യ ചർച്ച നടന്നത്.ലേ ആസ്ഥാനമായുള്ള കോർ കമാൻഡ് മേധാവി ലഫ്. ജനറൽ ഹരീന്ദർ സിങ്ങും ചൈനയുടെ മേജർ ജനറൽ ലിയു ലിന്നും തമ്മിലായിരുന്നു ചർച്ചയിൽ പങ്കെടുത്തത്. ഇന്നലെ പകൽ 11.30ന് ആരംഭിച്ച ചർച്ച 12 മണിക്കൂറാണ് നീണ്ടത്. ചർച്ച ഇന്നും തുടർന്നേക്കുമെന്ന സൂചന ഉണ്ടായിരുന്നു. അതിനിടെയാണ് ഇരു രാജ്യങ്ങളും അതിർത്തിയിൽ നിന്ന് പിന്മാറുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം ഇരു രാജ്യങ്ങളും നടത്തിയിട്ടില്ല.ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ സൈന്യത്തിന് സർവ സ്വാതന്ത്ര്യവും കേന്ദ്രം നൽകിയിരുന്നു. യുദ്ധവിമാനങ്ങളടക്കം എത്തിച്ച് അതിർത്തിയിൽ സർവസജ്ജമായാണ് ചൈനയെ നേരിടാനായി ഇന്ത്യ നിന്നത്. പർവത നിരകളിൽ പരിശീലനം ലഭിച്ച പ്രത്യേക സൈനികരെയും ഇന്ത്യ ഇതിനായി രംഗത്തിറക്കിയിരുന്നു. ഇത്തരത്തിൽ ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് അതിർത്തിയിൽ നിന്ന് പിന്മാറാൻ ചൈന തയ്യാറാകുന്നത്. രാജ്യത്തിന്റെ സൈനിക-നയതന്ത്ര ബലമായി ഇത് ഉയർത്തികാട്ടാനായിരിക്കും കേന്ദ്രസർക്കാർ ശ്രമം.