കുരുക്ക് മുറുക്കുന്നു ,വഖഫ് ഭൂമി തട്ടിയെടുക്കൽ രജിസ്ട്രേഷൻ വിഭാഗം നടപടി തുടങ്ങി
രാഷ്ട്രീയപാർടി നേതാക്കൾ മതസ്ഥാപനങ്ങളുടെ തലപ്പത്ത് കയറിയിരുന്നു സ്വന്തം താൽപര്യങ്ങൾ നടപ്പാക്കുന്നവെന്നണ് മതവിശ്വാസികൾ ഈ പ്രശ്നത്തെ കാണുന്നത്.
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ എംഎൽഎയും ജില്ലാപഞ്ചായത്ത് പ്രസിഡന്റുമുൾപ്പെടെയുള്ള ലീഗ് നേതാക്കൾ കൃത്രിമ രേഖയുണ്ടാക്കി വഖഫ് ഭൂമി തട്ടിയെടുത്ത സംഭവത്തിൽ രജിസ്ട്രേഷൻ വിഭാഗവും നടപടി തുടങ്ങി.
തൃക്കരിപ്പൂരിൽ പ്രവർത്തിക്കുന്ന ജാമിഅ സഅദിയ്യ ഇസ്ലാമിയ അഗതി മന്ദിരം ജെംസ് സ്കൂളിന്റെ ഭൂമി വിൽപന നടത്തിയ ആധാരം സംബന്ധിച്ചാണ് നടപടിയാരംഭിച്ചത്. വിൽപന നിയമവിരുദ്ധമാണെന്ന് കാട്ടി തൃക്കരിപ്പൂർ സബ് രജിസ്ട്രാർക്ക് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. കൂടാതെ കേരള വഖഫ് ബോർഡും വിശദീകരണം തേടിയിരുന്നു. ജാമിഅ സഅദിയ്യ പ്രസിഡന്റ് ടി കെ പൂക്കോയ തങ്ങൾ, ഭൂമി വാങ്ങിയ കോളേജ് ട്രസ്റ്റ് ചെയർമാൻ എം സി ഖമറുദ്ദീൻ എം എൽ എ, സാക്ഷികൾ, ആധാരം എഴുതിയയാൾ എന്നിവർക്ക് ജില്ലാ രജിസ്
ട്രാർ നോട്ടീസ് അയച്ചു. 2012 മുതൽ ഇതേ കമ്മിറ്റി നടത്തിയ ഭൂമി വിൽപനയും അന്വേഷിക്കുന്നുണ്ട്. അതും തിരിച്ചുപിടിക്കാനുള്ള നടപടി വഖഫ് ബോർഡ് ആരംഭിച്ചു. നേതാക്കൾ കൈവശപ്പെടുത്തിയ ഭൂമിയുടെയും കെട്ടിടങ്ങളുടെയും മാർക്കറ്റ് വില നിശ്ചയിക്കുന്നതിന് ലാൻഡ് വാല്വേഷൻ വിഭാഗത്തേയും സമീപിക്കും.
എം സി ഖമറുദ്ദീൻ ചെയർമാനും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ട്രഷറുമായ ടാസ്ക് ട്രസ്റ്റാണ് വഖഫ് ഭൂമി ചുളുവിലയ്ക്ക് തട്ടിയത്. ജാമിഅ സഅദിയ്യ ഇസ്ലാമിയ കമ്മിറ്റിയുടെ പേരിൽ 12 ആധാരങ്ങളിലായി 3.87 ഏക്കർ ഭൂമിയുണ്ട്. ഇവ 2012ൽ അന്നത്തെ സ്കൂൾ മാനേജരായിരുന്ന ഒ ടി അഹമ്മദ് ഹാജിക്ക് ലീസായാണ് നൽകിയത്. ഇതിൽപെട്ട 34.98 സെന്റ് ഭൂമി 2015 ഫെബ്രുവരി 24ന് തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരപ്രകാരം ഒ ടി അഹമ്മദ് ഹാജി വിലയ്ക്ക് വാങ്ങി. ഇയാൾ അന്ന് ജാമിഅ സഅദിയ്യ ഇസ്ലാമിയയുടെ ട്രഷറുമായിരുന്നു. ബാക്കിയുള്ള ഭൂമിയും അതിലുണ്ടായിരുന്ന കെട്ടിടവുമാണ് ടാസ്ക് ട്രസ്റ്റിലെ ജനപ്രതിനിധികളായ ലീഗ് നേതാക്കൾ തട്ടിയെടുത്തത്. എംഎൽഎയേയും ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെയും കൂടാതെ വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം ടി ജബ്ബാർ, തൃക്കരിപ്പൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ ബാവ എന്നിവരാണ് സ്വകാര്യ കോളേജ് ട്രസ്റ്റിലെ മറ്റു പ്രധാന ഭാരവാഹികൾ.
വഖഫ് ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെ, ആസൂത്രിതമായാണ് ഭൂമി ലീഗ്നേതാക്കളുടെ ട്രസ്റ്റ് സ്വന്തമാക്കിയത്. ഇത് പുറത്തുവന്നപ്പോൾ വഖഫ് ഭൂമിയാണെന്ന് അറിയില്ലെന്നും മറ്റും പറഞ്ഞു ഉരുണ്ടുകളിച്ച നേതാക്കൾ നിയമനടപടി ഭയന്നും വിശ്വാസികളുടെ രോഷവുംകാരണം ഭൂമി തിരിച്ചു നൽകി കൈകഴുകാനുള്ള ശ്രമത്തിലാണ്. പാർടിനേതാക്കൾ എന്ന നിലയിൽ മതസ്ഥാപനങ്ങളുടെ തലപ്പത്ത് കയറിയിരുന്നു സ്വന്തം താൽപര്യങ്ങൾ നടപ്പാക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് ലീഗ് അണികളും മതവിശ്വാസികളും ഈ പ്രശ്നത്തെ കാണുന്നത്.