ബംഗളൂരു: കർണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ഡി.കെ സുധാകറിന്റെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഭാര്യക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. 82 വയസുള്ള മന്ത്രിയുടെ പിതാവിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിചാരകനിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.അതേസമയം മന്ത്രിയുടേയും രണ്ട് ആൺമക്കളുടേയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ഓഫീസ് താത്ക്കാലികമായി അടച്ചു. ഓഫീസിലെ ഉദ്യോഗസ്ഥയുടെ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഓഫീസ് ഇന്ന് അണുനശീകരണം നടത്തും. കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിന്റെ ബംഗളൂരുവിലെ വീടും രോഗിയുടെ സമ്പർക്കത്തെ തുടർന്ന് അടച്ചിട്ടുണ്ട്.
കർണാടകത്തിൽ ഇതുവരെ 8281 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 36 പൊലീസ് ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ ശക്തമായ നിയന്ത്രണങ്ങൾക്കും ക്വാറന്റീൻ ലംഘനത്തിനുമെതിരെ നടപടി സ്വീകരിക്കാനും ഒരുങ്ങുകയാണ് അധികൃതർ.